ഗാന്ധിനഗർ: ഒറ്റ പ്രസവത്തിൽ മൂന്നു കുട്ടികൾക്ക് ജന്മം നൽകിയ യുവതിക്കും ഭർത്താവിനും നവജീവന്റെ സഹായഹസ്തം.
പീരുമേട് വണ്ടിപ്പെരിയാർ എസ്റ്റേറ്റിലെ രാജയുടെ ഭാര്യ ഗ്ലോറി (23)യാണ് രണ്ടു പെണ്‍കുട്ടികൾക്കും ഒരാണ്‍കുട്ടിക്കും ജന്മം നൽകിയത്.
ഫെബ്രുവരി 24 നാണു കോട്ടയം മെഡിക്കൽ കോളജിൽ ഇവർ പ്രസവചികിത്സയ്ക്ക് എത്തിയത്.
ചികിത്സാ സംബന്ധമായ പണത്തിനും ഭക്ഷണത്തിനും ഭർത്താവ് രാജ ബുദ്ധിമുട്ടുന്ന വിവരം അറിഞ്ഞ നവജീവൻ ട്രസ്റ്റി പി.യു. തോമസ് ആശുപത്രിയിലെത്തി വേണ്ട സഹായങ്ങൾ നൽകി.
രണ്ടു മാസത്തെ ആവശ്യത്തിനുള്ള അരിയും പല വ്യഞ്ജനസാധനങ്ങളും, മരുന്നുകളും നൽകിയാണ് നവജീവൻ ട്രസ്റ്റി പി.യു. തോമസ് ഇവരെ യാത്രയാക്കിയത്.