നാദാപുരം: കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയ നവദമ്പതികളെ അമ്പരപ്പിച്ച് പോലീസിന്റെ വക അനുമോദന സാഷ്യപത്രം.
ആരോഗ്യ വകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹിതരായ എടച്ചേരി നോർത്തിലെ മീത്തലെ മോറത്ത് സിഞ്ചു- ദിൽന നവദമ്പതികൾക്കാണ് എടച്ചേരി എസ്ഐ അരുൺകുമാർ, സിപിഒ ഗണേഷൻ എന്നിവർ ചേർന്ന് വീട്ടിലെത്തി അനുമോദന സാക്ഷ്യപത്രം കൈമാറിയത്.
കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി എസ്പി ഡോ.എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന “കോവിഡ് കല്യാണം’ പദ്ധതിയുടെ ഭാഗമാണ് അനുമോദനം.
കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ പോലീസ് കണ്ടെത്തും. ജനമൈത്രി പോലീസ് വധൂവരൻമാർക്ക് കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തും.
പിന്നീട് മഫ്ത്തിയിലെത്തി പോലീസുകാർ വിവാഹ വീട് നീരീക്ഷണം നടത്തും. കോവിഡ് പ്രോട്ടോകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയവർക്ക് എസ്പിയുടെയും സ്റ്റേഷൻ ഒഫീസറുടെയും ഒപ്പോടുകൂടിയ സർട്ടിഫിക്കേറ്റുകളാണ് നല്കുന്നത്.
വിവാഹ വീടുകളിൽ നിന്നും കോവിഡ് പടരുന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ പോലീസ് മാതൃക ദൗത്യം ഏറ്റെടുത്തത്.
മുക്കം: കോവിഡ് മഹാമാരി രൂക്ഷമായി പടരുമ്പോൾ സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പൂർണമായി പാലിച്ച് കോവിഡ് പ്രോട്ടോകോൾ പ്രകാരം വിവാഹം നടത്തിയ ദമ്പതികൾക്ക് പോലിസിന്റെ അഭിനന്ദന പത്രം.
മുക്കം നഗരസഭയിലെ കച്ചേരി വെള്ളങ്ങോട്ട് ചന്ദ്രന്റെ മകൻ അമിത് ചന്ദ്രനും പെരുവയൽ ഞാറങ്ങൽതാഴത്ത് ജി.ടി. സുബ്രഹ്മണ്യന്റെ മകൾ ഹർഷയും തമ്മിൽ നടന്ന വിവാഹത്തിനാണ് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസിന്റെ അഭിനന്ദന സർട്ടിഫിക്കറ്റ് ലഭിച്ചത്.
റൂറൽ എസ്പിയുടെ പ്രശംസാപത്രം മുക്കം എസ്ഐ ജയിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിക്കുകയായിരുന്നു.
സ്വന്തം വിവാഹം നിരവധിയാളുകളെ വിളിച്ചുചേർത്ത് ആഘോഷമാക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണെന്നും എന്നാൽ ഈ മഹാമാരി കാലത്ത് ഇവർ ചെയ്തത് വലിയ മാതൃക പ്രവർത്തനമാണെന്നും മുക്കം എസ്ഐ ജയിൻ പറഞ്ഞു.