ബോളിവുഡ് സുന്ദരി ക്രിതി സനനും ബോളിവുഡ് നടൻ സുശന്ത് സിംഗ് രജ്പുത്തും പ്രണയബന്ധം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ക്രിതിയും സുശന്തും തങ്ങൾ പ്രണയത്തിലാണെന്ന് ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ലാത്തതിനാൽ തങ്ങൾ വേർപിരിഞ്ഞുവെന്ന കാര്യവും ഇവർ പരസ്യമായി പറയില്ല.
അതേസമയം, ഇരുവരെയും ഇപ്പോൾ ഒരുമിച്ച് കാണുന്നില്ലായെന്നും ഇവർക്കിടയിൽ അകലം വർധിച്ചതായും പ്രണയബന്ധം ഇവർ അവസാനിപ്പിച്ചതായുമാണ് വിവരങ്ങൾ വരുന്നത്. രണ്ടുപേരും ഇപ്പോൾ ഷൂട്ടിംഗ് തിരക്കിലാണ്.
ഇടവേളകൾ കിട്ടിയാൽ പോലും ഇരുവരും ഇപ്പോൾ പരസ്പരം കാണാൻ ശ്രമിക്കുന്നില്ലത്രേ. മുന്പ് അങ്ങനെയല്ലായിരുന്നു കാര്യങ്ങൾ. ഷൂട്ടിംഗ് ഇടവേളയിൽ അല്പം സമയം കിട്ടിയാൽ ഇരുവരും ഒന്നിക്കുമായിരുന്നു. ഒരുമിച്ച് പുറത്തുപോകും, സിനിമകാണും, ഭക്ഷണം കഴിക്കും, ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യും തുടങ്ങി കുറേ കലാപരിപാടികൾ ഉണ്ടായിരുന്നു.
സുശന്തും ക്രിതിയും ഒന്നിച്ച റാബ്ത എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചാണ് ഇവർ പ്രണയത്തിലായത്. ഈ ചിത്രം ഒരു പരാജയമായിരുന്നുവെങ്കിലും ഇവരുടെ പ്രണയം വൻ വിജയമായി മാറി. കുറേനാളുകളായി ഇരുവരും തമ്മിൽ ദൃഢമായ ബന്ധത്തിലായിരുന്നു.
ഹൗസ്ഫുൾ 4 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ക്രിതി ഇപ്പോൾ ലണ്ടനിലാണ്. സുശന്ത് ആവട്ടെ ജംഷഡ്പൂരിൽ കിസി ഒൗർ മന്നി എന്ന ചിത്രത്തിന്റെ ജോലികളിലാണ്.