കോട്ടയം: കോട്ടയത്ത് ഇനി ആരും വിശന്നിരിക്കേണ്ട, ബസേലിയോസ് കോളജിനു മുന്പിലെ ഉപയോഗ ശൂന്യമായ എടിഎമ്മിൽ എത്തിയാൽ ഭക്ഷണപൊതി കിട്ടും. വെജ്, നോണ്‍ വെജ് ഉച്ചയൂണാണ് ഭക്ഷണ പൊതിയിലുള്ളത്.
കോട്ടയം നഗരത്തിൽ ആരും വിശന്നിരിക്കരുത് എന്ന ആശയവുമായിട്ടാണ് നിറവ് എന്ന പേരിൽ കോളജിലെ വിദ്യാർഥികളും അധ്യാപകരും ഭക്ഷണവിതരണം ആരംഭിച്ചത്.
കോളജിനു മുന്പിലെ ഉപയോഗ ശൂന്യമായ എടിഎം കൗണ്ടറാണ് ഭക്ഷണ വിതരണ കേന്ദ്രമാക്കി മാറ്റിയത്.
വിദ്യാർഥികൾ വീടുകളിൽ നിന്നെത്തിക്കുന്ന ഭക്ഷണമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. വീട്ടിൽ നിന്നു കരുതുന്ന ഉച്ചഭക്ഷണമാണ് വിദ്യാർഥികൾ പകുത്തു നൽകുന്നത്.
രാവിലെ ഒന്‍പതിനും 9.30നുമിടയിൽ കോളജിനു മുന്നിലെ കൗണ്ടറിൽ പൊതിഞ്ഞു വയ്ക്കുന്ന ഭക്ഷണം വിശക്കുന്ന ആർക്കും സൗജന്യമായി എടുക്കാം.
കൗണ്ടറിൽ സസ്യാഹാരവും മാംസാഹാരവും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. മിച്ചം വരുന്ന പൊതിച്ചോറുകൾ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകും.
കോളജിലെ എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം പൊതിച്ചോറുകൾ നേരത്തെ വിതരണം ചെയ്തിരുന്നു.
നഗരത്തിൽ വിശന്നിരിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണു പദ്ധതി വിപുലീകരിച്ചത്.