പേരൂര്‍ക്കട: കുടപ്പനക്കുന്ന് കളക്ടറേറ്റ് വളപ്പിലെ തെരുവുനായ്ക്കള്‍ ഇവിടെയെത്തുന്നവർക്ക് ഭീഷണിയാകുന്നു.
സിവില്സ്റ്റേഷൻ പരിസരത്ത് പത്തിലേറെ നായ്ക്കളാണുള്ളതെന്നും കാല്‍നടയായി വരുന്നവരെയും വാഹനയാത്രികരെയും ഇവ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കളക്ടറേറ്റില്‍ എത്തുന്നവര്‍ നല്കുന്ന ആഹാരം സ്ഥിരമായി കഴിക്കാനെത്തുന്ന നായ്ക്കള്‍ അവ ലഭിക്കാതെ വരുമ്പോള്‍ ചില അവസരങ്ങളില്‍ അക്രമാസക്തരായി മാറുകയാണെന്ന് പരാതിയുണ്ട്.
കളക്ടറേറ്റ് പ്രവേശനകവാടത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിനു സമീപം നായ്ക്കൾ താവളമാക്കിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട് .
നായ്ക്കളുടെ വന്ധ്യംകരണം എങ്ങുമെത്താതെ നില്ക്കുമ്പോള് തെരുവുനായ്ക്കളുടെ എണ്ണം കളക്ടറേറ്റ് പരിസരത്ത് വര്ധിച്ചുവരുന്നുവെന്നത് നഗരസഭാ അധികൃതര്‍ ഗൗരവത്തോടെ കാണണമെന്ന് പരിസരവാസികൾ പറയുന്നു.