കാമുകീ-കാമുകന്മാർ പരസ്പരം വഞ്ചിക്കുന്നത് ഒരു പുതുമയുള്ള കാര്യമല്ല. ഒരേ സമയം ഒന്നിലധികം പേരെ പ്രണയിക്കുകയും അവർ പരസ്പരം അറിയാതെ കൈകാര്യം ചെയ്യുകയും ചെയ്യുന്ന “മിടുക്കന്മാരും മിടുക്കികളുമുണ്ട്’. അവസാനം മനോഹരമായി “തേച്ചിട്ട്’ പോകുന്നവരുമുണ്ട്.
എന്നാൽ വഞ്ചിച്ച കാമുകനിട്ട് യുവതി കൊടുത്ത പണിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കാമുകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി ഇയാളെ നിരീക്ഷിക്കാൻ തുടങ്ങി.
നാലു ദിവസം കൊണ്ട് കാമുകന്റെ കള്ളക്കള്ളി യുവതി പിടികൂടി. ഒരേസമയം മൂന്നു പേരുമായിട്ടായിരുന്നു കാമുകന് ബന്ധം.
യുവാവ് ഇവരുമായി നടത്തിയ ചാറ്റുകൾ മുഴുവൻ യുവതി കണ്ടെത്തി. ആ ചാറ്റുകൾ പ്രിന്റ് ചെയ്ത് മുറിയുടെ വാൾപേപ്പറാക്കി മാറ്റി യുവതി. ഇതുകൊണ്ടും തീർന്നില്ല, അതിന്റെ വീഡിയോ എടുത്ത് ടിക്ക് ടോക്കിലുമിട്ടു.
സംഭവം വൈറലായതോടെ കാമുകൻ വിളിച്ചെന്ന് യുവതി പറഞ്ഞു. പക്ഷെ താൻ ഫോൺ എടുത്തില്ല. പലനന്പറുകളിൽ നിന്ന് മാറി മാറി വിളിച്ചെങ്കിലും യുവതി ഫോൺ എടുത്തില്ലത്രേ.
രണ്ടു മണിക്കൂർ സമയം ചെലവഴിച്ചാണ് യുവതി വാൾപേപ്പറുകൾ ഒട്ടിച്ചു തീർത്തത്. ഏഴു ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.