കോട്ടയം: രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 282പേരെ പിടികൂടി കേസെടുത്തു. ക്രിസ്മസ് ദിവസം 138 പേരെയും ഞായറാഴ്ച 144 പേരെയുമാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്. ഹെൽമറ്റ് വയ്ക്കാത്തവരെയും പോലീസ് പിടികൂടി.
രണ്ടു ദിവസങ്ങളിൽ 471 പേരാണ് ഹെൽമറ്റ് വയ്ക്കാത്തതിന് പിടിയിലായത്. ഞായറാഴ്ച 249 പേരും തിങ്കളാഴ്ച 222 പേരുമാണ് പിടിയിലായത്.അശ്രദ്ധമായി വാഹനം ഓടിച്ചതിന് 196 പേരെയാണ് പിടികൂടി നിയമ നടപടി സ്വീകരിച്ചത്. മറ്റു നിയമ ലംഘനങ്ങൾക്ക് 491 പേരെയും പിടികൂടി കേസെടുത്തു.
രണ്ടു ദിവസങ്ങളിലായി 4687 വാഹനങ്ങൾ പരിശോധിച്ചു. ക്രിസ്മസ് ദിവസം അപകടങ്ങൾ കുറയ്ക്കുന്നതിന് തലേന്ന് രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ 12 മണിക്കൂർ നീണ്ട പരിശോധന നടത്തിയിരുന്നു. അതിനാൽ ക്രിസ്മസ് ദിവസം കാര്യമായ അപകടം എവിടെയും ഉണ്ടായിട്ടില്ല. ഞായറാഴ്ച മാത്രം 2496 വാഹനങ്ങൾ പരിശോധിച്ചു. പോലീസ് ഉണർന്നു പ്രവർത്തിച്ചതാണ് ക്രിസ്മസ് ദിവസം അപകട രഹിതമായതെന്ന് പറയാം.