തൃപ്രയാർ: പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിലാണെങ്കിലും അറിവിൽ പിന്നിലാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ് .വിവരങ്ങൾ മാത്രമാണു നമുക്കുള്ളത് അതിനെ അറിവാക്കി മാറ്റൽ കുറവാണ്.അതാണ് നാം പിന്നിലാവാൻ കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നാട്ടിക നിയോജക മണ്ഡലം എംഎൽഎ വിദ്യാഭ്യാസ പുരസ്കാരം ‘പ്രബുദ്ധം 2019’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിക പാലസിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഗീത ഗോപി എംഎൽഎ അധ്യക്ഷത വഹിച്ചു.
ചീഫ് വിപ്പ് കെ.രാജൻ, ജനപ്രതിനിധികളായ പി.സി.ശ്രീദേവി, ഷീല വിജയകുമാർ, ഇ.കെ.തോമസ്, പി.എസ്.രാധാകൃഷ്ണൻ ,പി.ഐ. സാജിത എന്നിവരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പ്രസംഗിച്ചു.വിദ്യാഭ്യാസ പുരസ്കാരങ്ങൾക്കു പുറമെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആര്യ ഭരതൻ, ബാപ്പു വലപ്പാട് എന്നിവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.
കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. സംഘാടക സമിതി ചെയർമാൻ പി .എം. അഹമ്മദ് സ്വാഗതവും കണ് വീനർ കെ .എം. ജയദേവൻ നന്ദിയും പറഞ്ഞു.