കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത രണ്ടു വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ പാലയാട്ടെ സർവകലാശാലാ കാമ്പസ് നിയമവിദ്യാർഥി കോഴിക്കോട് തിരുവണ്ണൂർ പാലാട്ട്നഗർ മണിപ്പൂരി വീട്ടിൽ അലൻ ഷുഹൈബ് (20) , കണ്ണൂർ സ്കൂൾ ഓഫ് ജേർണലിസം വിദ്യാർഥി ഒളവണ്ണ മൂർക്കനാട് പാനങ്ങാട്ടുപറമ്പ് കോട്ടുമ്മൽ വീട്ടിൽ താഹ ഫൈസൽ (24) എന്നിവരുടെ ജാമ്യാപേക്ഷയാണു യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളിയത്.
യുഎപിഎ നിലനിൽക്കുന്നതിനാൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു. പ്രതികൾ പുറത്തിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം പ്രതികളെ കാണാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകി. യുവാക്കളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അപേക്ഷ നല്‍കിയിരുന്നു.
കള്ളക്കേസ് ചമച്ചതാണെന്നും മാവോയിസ്റ്റ് ബന്ധമെന്ന ആരോപണം ശരിയല്ലെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചിരുന്നു. വെള്ളിയാഴ്ചയാണു മാവോയിസ്റ്റ് അനുഭാവികളാണെന്ന കുറ്റം ചുമത്തി പന്തീരാങ്കാവ് പോലീസ് പ്രതി കളെ അറസ്റ്റ് ചെയ്തത്.