കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി. യുഎപിഎ ചുമത്താനുള്ള എന്‍ഐഎയുടെ വാദങ്ങള്‍ അംഗീകരിച്ചാണ് നടപടി.
കേസ് ഡയറി പരിശോധിച്ചതില്‍നിന്നും സ്വപ്നക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന കണ്ടെത്തലിനെ ത്തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ആറിന് സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു.
കേസ് അന്വേണാവസ്ഥയിലാണെന്നും ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്നക്ക് വലിയ അടുപ്പമായിരുന്നുവെന്നും മുഖ്യമന്ത്രിയുമായും പരിചയമുണ്ടായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയതായും എന്‍ഐഎ വ്യക്തമാക്കിയിരുന്നു.
കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂവെന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഇതിനുള്ള തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് സ്വപ്നയുടെ അഭിഭാഷകന് വാദിച്ചത്.