ചിറ്റൂർ: താലൂക്കിലെ പ്രധാന വാണിജ്യകേന്ദ്രമായ അണിക്കോട്ടിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ റോഡിൽ ബസ് കാത്തുനില്ക്കുന്നത് അപകടഭീഷണിയാകുന്നതായി പരാതി. പത്തുവർഷമായിട്ടും ചിറ്റൂർ-തത്തമംഗലം നഗരസഭ അണിക്കോട്ടിൽ ബസ് സ്റ്റാൻഡ് നിർമിക്കുമെന്നു പറഞ്ഞ വാഗ്ദാനം നടപ്പിലായിട്ടില്ല.
അണിക്കോട് ജംഗ്്ഷനിൽനിന്നും നൂറുമീറ്റർ അകലെയാണ് രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഗവണ്മെന്റ് ഗേൾസ് വിക്ടോറിയ സ്കൂൾ. സ്കൂൾവിട്ട് ബസ് കയറുന്നതിനു അണിക്കോട് നാലുമൊക്ക് റോഡിന്റെ നാലുഭാഗങ്ങളിലായാണ് ദീർഘനേരം പൊള്ളുന്ന വെയിലിൽ വിദ്യാർഥികൾ നില്ക്കുന്നത്. ഇതുമൂലം വിദ്യാർഥികളിൽ ഭൂരിഭാഗവും അവശരാകുന്നതു പതിവാണ്.
റോഡരികിൽ തട്ടുകടകൾ വന്നതോടെ വിദ്യാർഥികൾ റോഡിൽ തന്നെയാണ് ബസ് കാത്തുനില്ക്കുന്നത്.അണിക്കോട്ടിൽ ബസ് സ്റ്റാൻഡ് നിർമാണം നീണ്ടുപോകുന്നതിനാൽ വിളയോടി, കൊടുന്പ്, കച്ചേരിമേട് ഭാഗത്തേക്കുള്ള ബസ് നിർത്തുന്ന സ്ഥലങ്ങളിൽ വെയ്റ്റിംഗ് ഷെഡ് നിർമിക്കാൻ നഗരസഭാ അധികൃതർ നടപടിയെടുക്കണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.