ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിന് എൻഎസ്എസ് പിന്തുണ പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്. ഒരു ദേശീയ ദിനപത്രമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.
എൻഎസ്എസിന്റെ തിരുവനന്തപുരത്തെ താലൂക്ക് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചെന്നാണ് വാർത്ത. എൻഎസ്എസുമായി പ്രാദേശിക തലത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അതെല്ലാം പരിഹരിച്ചെന്നുമായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. പേരുവെളിപ്പെടുത്താത്ത കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ചായിരുന്നു വാർത്ത.
എന്നാൽ ഈ റിപ്പോർട്ട് എൻഎസ്എസ് നിഷേധിച്ചു. രാഷ്ട്രീയമായി സമദൂരനിലപാടാണ് എന്ന കാര്യം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രസ്താവനയിൽ അറിയിച്ചു.
അതിന് യാതൊരു മാറ്റവുമില്ലെന്നും തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഇംഗ്ലിഷ് പത്രം തെറ്റിദ്ധാരണാജനകമായ വാർത്ത പ്രചരിപ്പിക്കുന്നതായി അറിഞ്ഞുവെന്നും അദ്ദേഹം പ്രസ്ഥാവനയിൽ വ്യക്തമാക്കി. എൻഎസ്എസ് നിലപാടുകൾ തെറ്റിദ്ധരിപ്പിക്കത്തവിധം നടത്തിയ പ്രസ്താവനയ്ക്ക് എൻഎസ്എസ് നേതൃത്വത്തിന് ഒരു പങ്കുമില്ലെന്നും സുകുമാരൻനായർ കൂട്ടിച്ചേർത്തു.
അതേസമയം തീരദേശ മേഖകളില്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി. ദിവാകരന് വോട്ടു കൂടുതല്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ശശി തരൂരിനെതിരേ തീരദേശങ്ങളില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഈ വോട്ടുകള്‍ പലതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തരൂരിന് കിട്ടിയതാണ്. ഇക്കാര്യങ്ങളാണ് തിരുവനന്തപുരത്ത് ആരു ജയിക്കുമെന്ന് നിശ്ചയിക്കുന്നതും.