സ്വന്തം ലേഖകൻ
തൃശൂർ: കഴിഞ്ഞ ദിവസം വിഷം ഉള്ളിൽ ചെന്നു മരിച്ച വൃദ്ധയ്ക്ക് കോവിഡ് ഇല്ലെന്ന് ആലപ്പുഴ വൈറോളജി ലാബിന്റെ റിപ്പോർട്ട്. വൃദ്ധയ്ക്ക് പോസിറ്റീവാണെന്ന് ട്രൂനാറ്റ് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
തുടർന്നു വിശദമായ പരിശോധനയ്ക്ക് സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചതിന്റെ പരിശോധനഫലത്തിലാണ് കോവിഡില്ലെന്നും നെഗറ്റീവാണെന്നും റിപ്പോർട്ട് വന്നിരിക്കുന്നത്.
പഴയന്നൂർ സൗത്ത് കൊണ്ടാഴി കുഴിയംപാടത്ത് ദേവകിക്കാണ് കോവിഡ് സ്ഥിരീകരിച്ചതായി ആദ്യം പറഞ്ഞത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവരെ ചികിത്സിച്ച അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരടക്കമുള്ള 25 പേരെ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു.
ദേവകിയുടെ മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഇവർക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആശുപത്രിയും പരിസരവും അണുവിമുക്താക്കലടക്കമുള്ള സുരക്ഷ നടപടികളുമെടുത്തിരുന്നു.
വീടിനു പുറത്തിറങ്ങാത്ത വ്യക്തിയായിരുന്നു ദേവകിയെന്ന് വീട്ടുകാർ കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. ഇവരുടെ മക്കൾ ഒറ്റപ്പാലത്തും പരിസരത്തുമുള്ള വ്യാപാരസ്ഥാപനങ്ങളിൽ ജോലി നോക്കുന്നവരാണ്.
ഇവരുടെയൊക്കെ സന്പർക്കപട്ടിക തയ്യാറാക്കുന്നതിനിടെയാണ് ഇപ്പോൾ കോവിഡ് നെഗറ്റീവ് എന്ന പരിശോധനഫലം വന്നിരിക്കുന്നത്.