വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ നിർമാണം തൃശൂർ മണ്ണുത്തിക്കടുത്ത മാടക്കത്തറയിൽ പൂർത്തിയാകുന്നതോടെ കേരളം പവർകട്ടില്ലാത്ത സംസ്ഥാനമായി മാറും.
തൃശൂരിലേക്ക് കൂടുതൽ വൈദ്യുതി എത്തിക്കാനായി തമിഴ്നാട്ടിലെ പകലൂരിൽനിന്ന് 4000 മെഗാവാട്ട് ശേഷിയുള്ള ഇടനാഴി നിർമാണം അടുത്തമാസം പൂർത്തിയാകും. തൃശൂരിൽനിന്ന് മലബാറിലേക്കും എറണാകുളത്തേക്കും കൂടുതൽ വൈദ്യുതി എത്താനുള്ള നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
300 മെഗാവാട്ട് ശേഷിയുണ്ടായിരുന്ന ഇടനാഴി 4000 മെഗാവാട്ട് ശേഷിയിലേക്കാണ് ഉയർത്തുന്നത്. ഹൈവോൾട്ടേജ് ഡയറക്ട് കറണ്ടായാണ് (എച്ച് വിഡിസി) വൈദ്യുതി എത്തിക്കുന്നത്.
പ്രസരണനഷ്ടം കുറവായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യപദ്ധതിയാണിത്. ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ആന്ധ്ര, തെലുങ്കാന, തമിഴ്നാട് വഴി കേരളത്തിലെത്തുന്ന പദ്ധതി യുടെ നിർമാണ ചുമതല പവർഗ്രിഡ് കോർപ്പറേഷനാണ്. 3769 കോടി രൂപയാണ് ചെലവ്.
ഛത്തീസ്ഗഡിലെ റായ്ഗഡിൽനിന്നുള്ള 6000 മെഗാവാട്ടിന്റെ ഒന്നാംഘട്ടവും അവിടെനിന്ന് തമിഴ്നാട്ടിലെ പകലൂർ വരെയുള്ള രണ്ടാം ഘട്ടവും നിർമാണം പൂർത്തിയാക്കി ലിങ്ക് കമ്മീഷൻ നടത്തി.
4000 മെഗാവാട്ട് ശേഷിയുള്ള കേരളത്തിലേക്കുള്ള മൂന്നാംഘട്ടം തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ പുകലൂർ മുതൽ തൃശൂർവരെ നിർമാണം പുരോഗമിക്കുകയാണ്. വടക്കാഞ്ചേരി വരെ ലൈൻ വഴിയും തുടർന്ന് 23.3 കിലോമീറ്റർ കേബിൾ വഴിയുമാണ് വൈദ്യുതി എത്തിക്കുക.
നിലവിലുണ്ടായിരുന്ന മാടക്കത്തറ- അരീക്കോട് 200 കെവി ലൈൻ പൊളിച്ചുമാറ്റിയാണ് പുതിയ ഇടനാഴി നിർമിക്കുന്നത്. ടവറിൽ മുകളിൽ 400 കെവിയും താഴെ 200 കെവിയുമാണ് നിർമിക്കുന്നത്. ഇതിനു പുറമേ 220 കെവി സർക്യൂട്ടും ഉണ്ടാകും.
നിർമാണം പൂർത്തിയാക്കി ലൈൻ ചാർജിംഗിനും കേബിൾ ചാർജിംഗിനും ശേഷം സബ്സ്റ്റേഷൻ കമ്മീഷൻ ചെയ്യും.