ലഹരി ഉപയോഗത്തിൽ സമീപകാലത്തായി (4-5 വർഷങ്ങൾ) വന്നിരിക്കുന്ന മാറ്റങ്ങൾ
1. മദ്യം, പുകയില എന്നിവയ്ക്കൊപ്പം കഞ്ചാവ്, ഹെറോയിൻ, opium( വേദനസംഹാരി), stimulant( ആംഫിറ്റമിൻ), കൊക്കെയ്ൻ എന്നിവയുടെ ഉപയോഗം കൂടിവരുന്നു
2. ലഹരി ഉപയോഗം ആരംഭിക്കുന്ന പ്രായവും അഡിക്ഷനിലേക്ക് എത്തുന്ന പ്രായവും കുറഞ്ഞുവരുന്നു
3.ലഹരി ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നു
4. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ക്രൈം, ലൈംഗിക അതിക്രമങ്ങൾ, കുടുംബത്തകർച്ച, വിദ്യാഭ്യാസതടസം എന്നിവ കൂടിവരുന്നു
5. ലഹരി ഉപയോഗത്തിന്റെ സ്വീകാര്യത ന്യൂജനറേഷനിൽ കൂടിവരുന്നു.
ഈ മാറ്റങ്ങൾ കേരളത്തിലെ മദ്യനിയന്ത്രണവുമായി ബന്ധപ്പെട്ടതാണോ?
=ആകാൻ സാധ്യതയില്ല. കാരണം, ഇത് ഇന്ത്യ മുഴുവൻ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്.
=പുതിയ തലമുറയുടെ ഇന്റർനെറ്റ് ഉപയോഗം, പുതുതലമുറയിലെ ചില സെലിബ്രിറ്റീസിനെ അനുകരിക്കാനുള്ള ഭ്രമം.
=കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരികളുടെ മെച്ചങ്ങളെ പ്രകീർത്തിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന വെബ്സൈറ്റുകൾ.
=രഹസ്യമായി ഉപയോഗിക്കാനും കണ്ടുപിടിക്കപ്പെടാതിരിക്കാനുമുള്ള സാധ്യത.
=തലച്ചോറിനു കിട്ടുന്ന അധിക ഉന്മാദം.
= പണത്തിന്റെ ലഭ്യത കൂടുതൽ.
=പുതുതലമുറയ്ക്കു കിട്ടുന്ന അധിക
സ്വീകാര്യത.
=മെട്രോ സംസ്കാരത്തിന്റെ സ്വാധീനം (pub- night club- dance party etc)
=കുടുംബ സദസുകളിലും പൊതുപരിപാടികളിലും ലഹരി/മദ്യത്തിന് കിട്ടുന്ന മാന്യതയും സ്വീകാര്യതയും.
ലഹരിക്കു ചികിത്സ എന്തിന്?
=പൊതുവേ ഒരു ധാർമിക പ്രശ്നം എന്ന രീതിയിലാണ് സമൂഹം ലഹരി ഉപയോഗത്തെ കാണുന്നത് (തെറ്റ്, പാപം, ഉത്തരവാദിത്വമില്ലായ്മ എന്നിങ്ങനെ). പക്ഷേ, ശാസ്ത്രീയമായി സമീപിച്ചാൽ ലഹരിയോടുള്ള ആസക്തി ഒരു രോഗമാണെന്നു കാണാനാവും.
=തലച്ചോറിലെ ചില സിരാവ്യൂഹങ്ങളിൽ ഉണ്ടാകുന്ന വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഹരിവസ്തുക്കളോടുണ്ടാകുന്ന ആസക്തിക്കു കാരണം.
=കുഴപ്പമാണ് എന്നറിഞ്ഞിട്ടും നിയന്ത്രിക്കാനാകാതെ വരുന്നതും ഉപയോഗം ക്രമാനുഗതമായി വർധിച്ചുവരുന്നതും ഉപയോഗം കുറയ്ക്കുന്പോൾ വിറയലും വെപ്രാളവും പരവേശവും ഉണ്ടാകുന്നതുമൊക്കെ ഈ മസ്തിഷ്ക പ്രതികരണത്തിൽനിന്നാണ്. ഡോപമിൻ (Dopamine), Opioids (മോർഫീൻ), GABA തുടങ്ങിയ രാസവസ്തുക്കൾ ഇതിനുപിന്നിലുണ്ട്. പെട്ടെന്നുണ്ടാകുന്ന ആഹ്ലാദങ്ങളും അനുഭൂതികളും തലച്ചോറിൽ സൃഷ്ടിക്കുന്ന രാസപദാർഥമാണു ഡോപമിൻ. തലച്ചോറിലെ ആഹ്ലാദാനുഭവങ്ങൾക്കു പിന്നിലുള്ള രസതന്ത്രം ഇവയാണ്. ലഹരിവസ്തുക്കളോട് ആസക്തിയുണ്ടാകാൻ സാധ്യതയുള്ള വ്യക്തികൾ ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്പോൾ സാധാരണ ഒരാളിൽ ഉണ്ടാകുന്നതിലുമധികം അത്തരം അനുഭൂതികളുടെ മൂർച്ഛയുണ്ടാകുന്നു. മദ്യം കഴിക്കുന്ന എല്ലാവരും അതിന് അഡിക്ട് ആകുന്നില്ലല്ലോ. സാമൂഹിക ഘടകങ്ങൾക്കും വ്യക്തിപരമായ ദൗർബല്യങ്ങൾക്കുമപ്പുറം അവരുടെ തലച്ചോറിൽ നടക്കുന്ന രാസപ്രവർത്തനങ്ങളാണ് അവരെ അതിലേക്കു തള്ളിവിടുന്നത്.
=പെരുമാറ്റശാസ്ത്രത്തിന്റെ രീതിയിൽ നോക്കിയാൽ ലഹരിവസ്തുക്കൾ നല്കുന്ന ഉത്കണ്ഠാശമനത്തോടെയുള്ള കണ്ടീഷനിംഗ് ആണ് അഡിക്ഷനിലേക്കു നയിക്കുന്നത്.ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് പെട്ടെന്ന് അഹ്ലാദവും അനുഭൂതിയുമൊക്കെയുണ്ടാകുന്നു എന്നത് ഒരുവശം. പൊതുവേതന്നെ പിരിമുറുക്കവും ഉത്കണ്ഠയുമുള്ള ആളുകൾക്ക് അവരുടെ ഉത്കണ്ഠയ്ക്കും പിരിമുറുക്കത്തിനും ശമനം കിട്ടും. ഒരിക്കൽ അങ്ങനെ കിട്ടി ശീലിച്ചു കഴിഞ്ഞാൽ എപ്പോഴും അതിലേക്ക് എത്താനുള്ള പ്രവണത വരും. അതിനെയാണ് കണ്ടീഷനിംഗ് എന്നു പറയുന്നത്.
=ലഹരി ആസക്തിയെ ഒരു രോഗമായി കാണുക.അതിനാൽ അതിനു ശാസ്ത്രീയമായുള്ള ഔഷധചികിത്സയും പെരുമാറ്റചികിത്സയും നല്കുക കണ്ടീഷനിംഗ് വരുന്നതിനെ മാറ്റിയെടുക്കാനുള്ള പെരുമാറ്റ ചികിത്സകളുണ്ട്.
=വ്യാപകമായ ബോധവത്കരണം.
എങ്ങനെ തടയാം?
=ലഭ്യത നിയന്ത്രിക്കൽ- നിരോധനം(നിയമപരമായ സമീപനം)
=ആദ്യത്തെ ഉപയോഗം(സുഹൃത്തുക്കളുടെ സ്വാധീനം മൂലമുള്ള പരീക്ഷണവും ഉപയോഗവും ഒഴിവാക്കുക).
=ലഹരി ഉപയോഗം സംശയിക്കുന്നു എങ്കിൽ എത്രയും വേഗം പ്രഫഷണൽ സഹായം ലഭ്യമാക്കുക. സാധാരണ ഗതിയിലുള്ള സാരോപദേശങ്ങൾ മാത്രം മതിയാവില്ല
=ലഹരി ആസക്തി ഒരു രോഗത്തിന്റെ നിലയിലേക്ക് എത്തിയിരിക്കുന്നു എന്നു മനസിലാക്കിയാൽ എത്രയും വേഗം ശാസ്ത്രീയചികിത്സ ലഭ്യമാക്കുക
=ലഹരിവിമുക്തിക്കുവേണ്ടിയുള്ള ഡീടോക്സിഫിക്കേഷൻ, തലച്ചോറിനെയും മറ്റ് അവയവങ്ങളെയും ലഹരിവസ്തുക്കളുടെ സ്വാധീനത്തിൽനിന്ന് വിമുക്തമാക്കുന്ന ചികിത്സ, ലഹരി ഉപയോഗം നിർത്തണം എന്ന തീരുമാനം സ്വയമെടുക്കാനും ആ തീരുമാനം നിലനിർത്താനും സഹായിക്കുന്ന മോട്ടിവേഷൻ എൻഹാൻസ്മെന്റ് തെറാപ്പി, ആസക്തി കുറയ്ക്കാനുള്ള anti craving agents (വേണ്ട എന്നൊക്കെ വിചാരിച്ചാലും എങ്ങനെയെങ്കിലും ലഹരി കിട്ടണം എന്ന മട്ടിൽ തീവ്രമായ ഒരാകർഷണം മനസിൽ ഉണ്ടാകാം.അതാണ് ക്രേവിംഗ് എന്നുപറയുന്നത്. ക്രേവിംഗ് കുറയ്ക്കാനുള്ള മരുന്നുകളുണ്ട്), പെരുമാറ്റ ചികിത്സ എന്നിവയാണു ചികിത്സാരീതികൾ.
=കുടുംബാംഗങ്ങളെ/ജീവിതപങ്കാളിയെ കൂടി ഉൾപ്പെടുത്തി വേണം ചികിത്സ.
=ലഹരി ഉപയോഗത്തിലേക്കു നയിക്കുന്ന ADHD, വിഷാദരോഗങ്ങൾ, ഉത്കണ്ഠ രോഗങ്ങൾ എന്നിവ നേരത്തേ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുക. പലപ്പോഴും ലഹരിഉപയോഗ പ്രശ്നം വരുന്നതിനു പിന്നിൽ തിരിച്ചറിയപ്പെടാത്ത ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാം. ഇവ മൂന്നും തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ ലഹരിയിലേക്കു പോകാനുള്ള പ്രവണത കുറയും.
=ലഹരിവിമുക്തി നേടിയവരുടെ സ്വയംസഹായ സംഘങ്ങളിൽ അംഗത്വം നേടി അതിൽ പ്രവർത്തിക്കുക.
ഡോ. വർഗീസ് പുന്നൂസ്
പ്രഫസർ ആൻഡ് ഹെഡ്,
മാനസികാരോഗ്യവിഭാഗം
ഗവ. മെഡിക്കൽ കോളജ്, കോട്ടയം