കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണം പാകം ചെയ്യുന്ന കേന്ദ്രങ്ങളിലും കോർപറേഷനും ഭക്ഷ്യസുരക്ഷ വകുപ്പും ചേർന്ന് നടത്തുന്ന പരിശോധന മന്ദഗതിയിലായതോടെ കഴിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ചോദ്യചിഹ്നമായി മാറുന്നു. കഴിഞ്ഞ വർഷം ഇതേ സമയം തകൃതിയായി നടന്ന പരിശോധനയാണ് ഇപ്പോൾ പേരിന് മാത്രമായി ഒതുങ്ങുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
നേരത്തെ ഹോട്ടലുകൾ, ലഘു ഭക്ഷണം പാകം ചെയ്യുന്ന കേന്ദ്രങ്ങൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിലായി രാപകൽ വ്യത്യാസമില്ലാതെ പരിശോധന നടത്താറുണ്ടായിരുന്നു. മുൻ വർഷം ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും കോർപറേഷൻ അധികൃതരും നേരിട്ടെത്തി നടത്തിയ പരിശോധനയിൽ നിരവധി ഹോട്ടലുകൾക്കും ലഖു ഭക്ഷണം പാകം ചെയ്യുന്ന കേന്ദ്രങ്ങൾക്കുമെതിരേ നടപടി സ്വീകരിച്ചിരുന്നു.
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ പരവർത്തിച്ച നിരവധി ലഖു ഭക്ഷണ കേന്ദ്രങ്ങൾക്കാണ് നോട്ടീസ് നൽകിയിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച അടുക്കളയുള്ള ഹോട്ടലുകൾക്ക് പഴയും ചുമത്തിയിരുന്നു. എന്നാൽ ഇതെല്ലാം ഇന്ന് മന്ദഗതിയിലായതോടെ ജനങ്ങളുടെ പരാതിയും ഉയർന്ന് തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ പല സ്ഥലങ്ങളിലും പഴകിയ ഭക്ഷണങ്ങൾ ലഭിക്കുന്നതായി ഇതിനോടകം തന്നെ ആക്ഷേപമുയർന്നിട്ടുണ്ട്.
പലർച്ചെയുണ്ടാക്കുന്ന ലഖു ഭക്ഷണങ്ങൾ രാത്രി വൈകിയും വിൽപ്പന നടത്തുന്നതായി ജനങ്ങൾ പരാതി പറയുന്നു. ചായക്കടകളിൽ വിൽക്കുന്ന എണ്ണക്കടികൾ ചീത്തയായതായി പരാതിപ്പെട്ടാൽ കടക്കാർ തർക്കിക്കുകയാണ് പതിവെന്നും ജനങ്ങൾ പറയുന്നു. ജില്ലയിൽ നിപ്പാ വൈറസ് ബാധ പടർന്നതോടെയാണ് ഹോട്ടലുകളിലും മറ്റുമുള്ള പരിശോധന മന്ദഗതിയിലായത്.
ജോലി ഭാരം വർധിച്ചതോടെ അധികൃതർ ഹോട്ടലുകളിലെ പരിശോധനയ്ക്ക് അയവ് വരുത്തുകയായിരുന്നു. എന്നാൽ ഇത് പല കച്ചവടക്കാർക്കും അനുഗ്രഹമായി മാറുകയും ചെയ്തു. അധികൃതരുടെ പരിശോധന കുറഞ്ഞുവെന്ന് കണ്ടയുടൻ പലരും ഭക്ഷണത്തിൽ കൃതൃമം കാണിച്ചു തുടങ്ങിയെന്നാണ് ജനങ്ങൾ പറയുന്നത്.
എന്നാൽ നഗരത്തിലെ ഭക്ഷണശാലകളിൽ പരിശോധന കൃത്യമായി നടക്കുന്നുണ്ടെന്ന് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് പറഞ്ഞു. പരിശോധന കൂടുതൽ കർശനമാക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.