ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ജില്ലാ ആശുപത്രികളോട് ചേർത്ത് മെഡിക്കൽ കോളജുകൾ രൂപീകരിച്ച് സ്വാകാര്യ മേഖലയ്ക്കു കൈമാറാനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജില്ലാ ആശുപത്രിയോട് ചേർന്ന് മെഡിക്കൽ കോളജ് ആരംഭിക്കാനാണ് ബജറ്റിൽ നിർദേശം. ഉടൻ തന്നെ ഇതുസംബന്ധിച്ച വിശദാംശങ്ങൾക്ക് രൂപം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
രാജ്യത്ത് നിലവിൽ യോഗ്യതയുളള ഡോക്ടർമാരുടെ കുറവ് രാജ്യം നേരിടുന്നുണ്ട്. ജനറൽ ഡോക്ടർമാരുടെയും വിദഗ്ധരുടെയും കുറവ് പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ ആശുപത്രിയോട് ചേർന്ന് മെഡിക്കൽ കോളജ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണ്. സ്വകാര്യ പങ്കാളിത്തോടെ പൊതു – സ്വകാര്യ മാതൃകയിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്നുമാണ് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്.
പദ്ധതി നടപ്പായാൽ ഇനിമുതൽ ജില്ലാ ആശുപത്രികളിലെ സൗജന്യ ചികിത്സ പേരിനു മാത്രമാകും. നഴ്സിംഗ്, എംബിബിഎസ് പഠനച്ചെലവും ഭാരിച്ചതായി മാറും. എന്നാൽ, സംസ്ഥാന സർക്കാരുകളുടെ പൂർണ അനുമതിയില്ലാതെ ജില്ലാ ആശുപത്രി സ്വകാര്യ മേഖലയ്ക്ക് കൈമാറാനാകില്ല.
പദ്ധതി അനുസരിച്ചു നിലവിലെ സ്വകാര്യ മെഡിക്കൽ കോളജുകൾക്കോ, പുതുതായി തുടങ്ങാൻ ഉദ്ദേശിക്കുന്നവയ്ക്കോ ജില്ലാ ആശുപത്രികൾ 60 വർഷ പാട്ടത്തിന് വിട്ടുകൊടുക്കും. പാട്ട കാലാവധി പിന്നീട് പുതുക്കാമെന്നാണു വ്യവസ്ഥ. ജില്ലാ ആശുപത്രിയോട് ചേർന്ന് മെഡിക്കൽ കോളജ് നിർമിക്കുക, അടിസ്ഥാന സൗകര്യം ഒരുക്കുക, ആശുപത്രി വളപ്പ് നവീകരണം തുടങ്ങി എല്ലാ പ്രവർത്തനവും സ്വകാര്യ മേഖലയ്ക്കാകും.
ആശുപത്രി ഭരണത്തിന് മാനേജ്മെൻറ് ബോർഡ് രൂപീകരിക്കും. ആശുപത്രി, മെഡിക്കൽ കോളജ് വളപ്പിലെ പാർക്കിങ് അടക്കം എല്ലാ സൗകര്യങ്ങൾക്കും യൂസർ ചാർജ് ഈടാക്കാം.