കൊണ്ടോട്ടി: ഇന്ത്യയിൽ നടക്കുന്ന അണ്ടർ- 17 ലോകകപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച വണ്‍ മില്യണ്‍ ഗോൾ പരിപാടിയിൽ നിന്നു കൊണ്ടോട്ടി നഗരസഭ മാറി നിന്നതു വൻ പ്രതിഷേധത്തിനിടയാക്കുന്നു. ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയടക്കം നാട്ടിലുളളപ്പോഴാണ് കൊണ്ടോട്ടി നഗരസഭ പരിപാടിയെ തീർത്തും അവഗണിച്ചത്. ഇതിനെതിരെ വിവിധ ക്ലബുകളും ഫുട്ബോൾ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ലോകകപ്പ് പ്രചാരണത്തിനായി ഗോളടിച്ചു തദേശ സ്ഥാപനങ്ങളോടു ബുധനാഴ്ച രംഗത്തിറങ്ങാൻ സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ കൊണ്ടോട്ടിക്ക് സമീപത്തെ പഞ്ചായത്തുകളിലെല്ലാം ഗോളടി അരങ്ങുതകർത്തപ്പോൾ നഗരസഭ ഗോളടി അറിഞ്ഞതേയില്ല.
ഒരോ ഗ്രാമപഞ്ചായത്തുകളിൽ നിന്നു 2,000 ഗോളുകൾ, മുൻസിപ്പാലിറ്റികളിൽ നിന്നു 10,000 ഗോളുകൾ, കോർപ്പറേഷനുകളിൽ നിന്നു 15,000 ഗോളുകൾ എന്നിങ്ങനെയാണ് നിർദേശിച്ചിരുന്നത്. കൊണ്ടോട്ടി നഗരസഭ പരിധിയിൽ അനസ് എടത്തൊടികയടക്കമുളള രാജ്യാന്തര താരങ്ങളും ഫുട്ബോളിനെ നെഞ്ചേറ്റുന്ന ക്ലബുകളുമുണ്ടായിട്ടും നഗരസഭ പരിപാടി സംഘടിപ്പിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.