തല അറത്തതിനു ശേഷവും ഒരാഴ്ച്ചയിലധികമായി ജീവിച്ചിരിക്കുന്ന കോഴി അത്ഭുതമാകുന്നു. തായ്ലൻഡിലെ റച്ചബൂരി പ്രവശ്യയിലാണ് ഏവരെയും അന്പരപ്പിച്ച അത്ഭുതം നടക്കുന്നത്. സംഭവമറിഞ്ഞെത്തിയ കുറച്ച് സന്ന്യാസിമാർ ഏറ്റെടുത്ത ഈ കോഴിക്ക് സിറിഞ്ചിലൂടെ അവർ ഭക്ഷണം നൽകിക്കൊണ്ടിരിക്കുകയാണ്. മുറിവിൽ അണുബാധ പിടിപെടാതിരിക്കുവാനായി അവർ മരുന്നും നൽകുന്നുണ്ട്.
നൊപ്പൊംഗ് തിത്താമോ എന്നയാൾ ഈ കോഴിയുടെ ചിത്രമുൾപ്പടെ സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് സംഭവം വൈറലായി മാറുകയാണ്. ഏതെങ്കിലും മൃഗത്തിന്റെ ആക്രമണത്തിലാകാം കോഴിക്ക് തല നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്.
തല പോയെങ്കിലും വെറുതെ ഇരുന്നു വിശ്രമിക്കാതെ നടക്കുന്നുമുണ്ട് ഈ കോഴി. ഇതിനു മുന്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. 1945നും 1947നും ഇടയിൽ തലയില്ലാതെ കോഴി ജീവിച്ചിരുന്നു എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം പതിനെട്ട് മാസത്തോളം ഈ കോഴി ജീവിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.