തൈര് പാക്കറ്റുകളില്‍ ഹിന്ദി നാമം ചേര്‍ക്കണമെന്ന നിര്‍ദേശം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ )പിന്‍വലിച്ചു.
തൈര് പാക്കറ്റുകളില്‍ ‘ദഹി’ എന്ന് നിര്‍ബന്ധമായി ചേര്‍ക്കേണ്ടെന്ന് അറിയിക്കുകയായിരുന്നു. ‘CURD’ എന്നെഴുതി ഒപ്പം അതത് പ്രാദേശിക വാക്കും ചേര്‍ക്കാം.
വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് എഫ്എസ്എസ്എഐ തീരുമാനം പിന്‍വലിച്ചത്.
തൈര് പാക്കറ്റില്‍ ഹിന്ദി ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു.
പാക്കറ്റില്‍ ദഹി എന്ന് നല്‍കുകയും ബ്രാക്കറ്റില്‍ പ്രാദേശിക വാക്ക് ഉപയോഗിക്കാനുമുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിര്‍ദേശത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.
സ്വന്തം സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന തൈര് പാക്കറ്റിലെ പേരില്‍ പോലും ഹിന്ദി അടിച്ചേല്‍പിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിയെന്നും മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്ത്യയില്‍ നിന്ന് ഇല്ലാതാക്കുമെന്നും സ്റ്റാലിന് ട്വീറ്റ് ചെയ്തു.
തൈരിനു പ്രാദേശികമായി പറയുന്ന മൊസരു എന്ന വാക്ക് ഉപയോഗിക്കണമെന്നുള്ള കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ആവശ്യത്തിനുള്ള മറുപടിയായാണ് ദഹി എന്ന ഹിന്ദി വാക്ക് നല്‍കാനും കന്നഡ വാക്ക് ബ്രാക്കറ്റില്‍ ഉപയോഗിക്കാനും എഫ്എസ്എസ്എഐ നിര്‍ദേശിച്ചത്.
ഇതു സംബന്ധിച്ചുള്ള മാധ്യമ വാര്‍ത്ത സഹിതമാണു മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. സമാനമായ നിര്‍ദേശം തമിഴ്നാട് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനും ലഭിച്ചിരുന്നു.