കാമുകനെ വിഷം കുത്തിവച്ച് കൊന്നു മൃതദേഹം ‘പോസ്റ്റ്‌മോര്‍ട്ടം’ ചെയ്ത് സ്യൂട്ട്‌കേസിലാക്കി; ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് 16 വര്‍ഷം; ലേഡി സുകുമാരക്കുറുപ്പ് എന്നറിയപ്പെടുന്ന ഡോക്ടര്‍ ഓമനയെത്തേടി ഇന്റര്‍പോളും…

dr600പത്തനംതിട്ട: ലേഡി സുകുമാരക്കുറുപ്പ് ,ഡോ. ഓമനയെ വിശേഷിപ്പിക്കാന്‍ ഇതിലും പറ്റിയ പേര് വേറെയില്ല.കാമുകനെ വെട്ടി നുറുക്കി സ്യൂട്ട്‌കേസിലാക്കിയ ഓമന പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഓമന രക്ഷപ്പെട്ടിട്ട് 16 വര്‍ഷം കഴിയുമ്പോഴും ഇവരെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ ഇന്റര്‍പോളും തമിഴ്‌നാട് പോലീസും ഉഴറുകയാണ്. ഈ മുങ്ങലാണ് ഓമനയ്ക്ക് പെണ്‍ സുകുമാരക്കുറുപ്പ് എന്ന ഓമനപ്പേര് സമ്മാനിച്ചത്.

ഇവര്‍ എവിടെയെന്നുള്ളതിന് ഒരു തുമ്പുമില്ല. തമിഴ്‌നാട് പൊലീസും ഇന്റര്‍പോളും അന്വേഷണം നടത്തുകയും ക്രിമിനല്‍ ഇന്റലിജന്‍സ് ഗസറ്റിലടക്കം ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടും പയ്യന്നൂര്‍ കരുവാച്ചേരി സ്വദേശിയായ ഓമന എടാട്ട് കാണാമറയത്താണ്. 1996 ജൂലൈ 11 ന് പയ്യന്നൂരിലെ കരാറുകാരനായ, കാമുകന്‍ മുരളീധരനെ ഊട്ടിയിലെ ലോഡ്ജില്‍ വെട്ടിനുറുക്കിയ ഇവര്‍  മൃതദേഹം സ്യൂട്ട്‌കേസിലാക്കി ടാക്‌സി കാറില്‍ കൊഡൈക്കനാലിലെ വനത്തില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോകവെയാണ് ഓമന പിടിയിലാവുന്നത്.

കാറിന്റെ ഡിക്കിയിലെ സ്യൂട്ട്‌കേസില്‍ വച്ചിരുന്ന മൃതദേഹം പുറത്തെടുക്കവെ സംശയം തോന്നിയ ടാക്‌സി െ്രെഡവറാണ് നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞു വച്ച് തമിഴ്‌നാട് പൊലീസിനെ ഏല്പിക്കുന്നത്. തുടര്‍ന്ന് 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന നൈസായി മുങ്ങുകയായിരുന്നു. 16 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഓമനയെ പിന്നീട് ഒരിക്കലും തമിഴ്‌നാട് പൊലീസിനു കണ്ടെത്താനായില്ല. ഇവര്‍ മലേഷ്യയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്റര്‍പോളിന് കേസ് കൈമാറിയിട്ടും ഫലമുണ്ടായില്ല. ഓമനയ്ക്കായി ഇന്റര്‍പോള്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലും പൊലീസ് സ്‌റ്റേഷനുകളിലും പതിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് ഇപ്പോഴും നിലനില്ക്കുന്നു.

ഊട്ടി റെയില്‍വേ സ്‌റ്റേഷനടുത്തുള്ള ഒരു ലോഡ്ജില്‍ വച്ചാണ് മുരളീധരനെ ഓമന കൊലപ്പെടുത്തുന്നത്. ആദ്യം ഊട്ടി റെയില്‍വേ സ്‌റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച് വിഷം കുത്തി വച്ചു. പിന്നെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു പോലെ ശരീരം നിരവധി കഷണങ്ങളാക്കി വലിയ സ്യൂട്ട്‌കേസിലാക്കുകയായിരുന്നു. മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളില്‍ ഓമന ഒളിവില്‍  കഴിഞ്ഞിരുന്നതായാണ് 16 വര്‍ഷമായി അന്വേഷണം നടത്തുന്ന സംഘത്തിനു ലഭിച്ച വിവരം. ചെല്‍സ്റ്റിന്‍ മേബല്‍, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിന്‍, അബ്ദുള്ള സാറ എന്നിങ്ങനെയുള്ള പേരുകളും ഇവര്‍ ഒളിവില്‍ കഴിയുമ്പോള്‍ സ്വീകരിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്.

കൊലപാതകം ചെയ്യുമ്പോള്‍ ഡോ.ഓമനയ്ക്ക് 43 വയസുണ്ടായിരുന്നു. തമിഴ്‌നാട് പോലീസ് ഈ കേസ് ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്.പയ്യന്നൂര്‍ കരുവാഞ്ചേരിയിലാണ് ഓമനയുടെ വീട്. അവിടിപ്പോള്‍ ഒരു ലേഡീസ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നു. ഓമന വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് പി. മുരളീധരന്‍ എന്ന കരാറുകാരനുമായി പരിചയപ്പെട്ടത്. അയാള്‍ തന്നില്‍ നിന്ന് ബോധപൂര്‍വം അകലാന്‍ ശ്രമിച്ചപ്പോഴാണ് കൊല നടത്തിയതെന്നാണ് ഇവര്‍ പോലീസിനു നല്‍കിയ മൊഴി. എന്തായാലും ഡോ. ഓമന ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യം പോലും പോലീസിനു നിശ്ചയമില്ല.

Related posts