സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിലെ ആദ്യ ഹോണ്‍രഹിത മേഖലയായി പ്രഖ്യാപിച്ച എംജി റോഡിൽ ഇപ്പോഴും ഇടതടവില്ലാതെ ഹോണ്‍ മുഴക്കം. മാധവ ഫാർമസി മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുള്ള എംജി റോഡ് ഭാഗം ഹോണ്‍രഹിത മേഖലയാക്കിയുള്ള പ്രഖ്യാപനം നടന്നതു കഴിഞ്ഞ മാസം 26നാണ്. മൂന്നാഴ്ച പിന്നിടുന്പോൾ ഹോണടി പഴയപടി തന്നെ തുടരുകയാണ്.
ബസും ലോറിയും ഓട്ടോയും കാറുമെല്ലാം ഹോണ്‍ മുഴക്കി പായുന്പോൾ കാൽനടയാത്രക്കാർ ചെവി പൊത്തി നടക്കേണ്ടി വരുന്നു. മെട്രോ നിർമാണത്തിനുശേഷംഗതാഗതക്കുരുക്ക് കുറഞ്ഞെങ്ങിലും ഹോണടിക്കു മാത്രം ഒരു കുറവുമില്ലെന്നു എംജി റോഡിലെ വ്യാപാരികൾ പറയുന്നു.
പ്രഖ്യാപനം കഴിഞ്ഞുപോയതല്ലാതെ തുടർനടപടികൾ ഒന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല. നോണ്‍ ഹോണ്‍ മേഖലയാണെന്ന് അറിയാതെ എത്തുന്നവർ യൂ ടേണ്‍ എടുക്കേണ്ട സ്ഥലങ്ങളിൽ ചെറിയ കുരുക്കുണ്ടാകുന്പോഴും ഹോണ്‍ മുഴക്കും.
ഡ്രൈവർമാർക്ക് കേൾവിക്കുറവ്
നോ ഹോണ്‍ മേഖലയായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നഗരത്തിൽ കേൾവി പരിശോധന നടത്തിയിരുന്നു. അതിൽ എം.ജി റോഡിൽ നടത്തിയ പഠനത്തിൽ 75 ശതമാനം പേരിലും അമിതശബ്ദം മൂലമുണ്ടാകുന്ന കേൾവിക്കുറവിന്റെ ആരംഭം കണ്ടെത്തിയിരുന്നു. കൊച്ചിയിൽ ആകെ നടത്തിയ പരിശോധനയിൽ 60 ശതമാനം ഡ്രൈവർമാർക്കും മറ്റ് ജീവനക്കാരിൽ 40 മുതൽ 45 ശതമാനം വരെയും കേൾവിക്കുറവ് ബാധിച്ചതായി കണ്ടെത്തി.
തുടർച്ചയായി പതിനാലു മണിക്കൂർ വരെ ജോലി ചെയ്യുന്ന ഡ്രൈവർമാരിലാണ് ഏറ്റവും കൂടുതൽ കേൾവിക്കുറവ് ബാധിച്ചിരിക്കുന്നത്. വാണിജ്യ മേഖലയിലെ അനുവദനീയമായ പരമാവധി ശബ്ദം 65 ഡെസിബൽ ആണെങ്കിലും കൊച്ചിയിലെ നിരത്തുകളിൽ 94 ഡെസിബൽ ശബ്ദ തീവ്രതയാണുള്ളത്. ഇതു ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എങ്ങനെ മുഴക്കാതിരിക്കും
മാധവ ഫാർമസി ജംഗ്ഷനിലും മഹാരാജാസ് ജംഗ്ഷനിലും സിഗ്നലിനുശേഷമാണ് നോ ഹോണ്‍ മേഖലയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത്. മാധവ ഫാർമസിയിൽ സിഗ്നൽ ബാധകമല്ലെങ്കിലും വാഹനങ്ങൾ ഏറെ വന്നുകിടക്കുന്നതിനാൽ ഇടത്തോട്ട് എടുത്തു പോകാൻ സാധിക്കില്ല.
അങ്ങനെ സിഗ്നനലിൽ കിടന്ന് നിരനിരയായി വാഹനം എത്തുന്പോൾ ചെറിയതോതിൽ ഗതാഗതക്കുരുക്കുണ്ടാകും. ഈ സാഹചര്യത്തിൽ എങ്ങനെ ഹോണ്‍ മുഴക്കാതിരിക്കുമെന്നാണ് പലരുടെയും ചോദ്യം. കൃത്യമായ ബോധവത്കരണം ഇങ്ങനെ പറയുന്നവർക്കിടയിൽ നൽകാത്തതിനാൽ ഹോണടി തുടരുകയും ചെയ്യുന്നു.
ജില്ലാ ഭരണകൂടം ഇടപെടണം
ശബ്ദ മലിനീകരണത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കി ആളുകളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണു നോ ഹോണ്‍ മേഖലയായി എംജി റോഡിനെ പ്രഖ്യാപിച്ചത്.പക്ഷേ, ബോർഡ് സ്ഥാപിച്ചതല്ലാതെ എംജി റോഡിൽ ഹോണ്‍ അടിച്ചാൽ പിഴ ചുമത്താനോ മറ്റു ശിക്ഷ നൽകാനോ സാധിക്കില്ല.
റോഡ് ഹോണ്‍ രഹിതമാക്കണമെങ്കിൽ ജില്ലാ ഭരണകൂടെ ഇടപെട്ട് എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. എംജി റോഡിനായി പ്രത്യേക വിജ്ഞാപനം ഇറക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇവർ പറയുന്നു…….
ചെറിയ മാറ്റമൊക്കെയുണ്ട്. കൂടുതൽ ആളുകളിലേക്ക് നോ ഹോണ്‍ റോഡ് ആണെന്നുള്ള കാര്യം എത്തിച്ചാൽ മാത്രമേ ആശയം പൂർണമായി നടപ്പാക്കാൻ സാധിക്കൂ-
ജിപിൻ ജോയി, വ്യാപാരി
നിയമം പാലിക്കുന്നവർ ഏറെയുണ്ട്. നിരോധനത്തെ പുച്ഛത്തോടെ കാണുന്നവരുമുണ്ട്. ഇതുവരെ ഉണ്ടായിരുന്ന ഒരു ശീലം പെട്ടെന്നു മാറ്റുക പ്രയാസം. ഗതാഗതക്കുരുക്കുണ്ടായാൽ ഹോണടിക്കാതെ എന്തു ചെയ്യണമെന്നാണു പലരും ചോദിക്കുന്നത്
-ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ.
കൃത്യസമയത്തിനു സർവീസ് നടത്താനുള്ള പെടാപാടിലാണ് ഞങ്ങൾ. അൽപം താമസിച്ചാൽ മറ്റു ബസുകളുമായി പ്രശ്നത്തിലാകും. ഒരു കാര്യവുമില്ലാതെ കുരുക്കുണ്ടാക്കുന്ന സംഭവങ്ങളുണ്ടാകുന്പോൾ ഹോണ്‍ അടിക്കാതെ എങ്ങനെ മുന്നോട്ടു പോകാനാണ്.
– സ്വകാര്യ ബസ് ജീവനക്കാരൻ.