കമ്പളക്കാട്: ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ ആദിവാസി കുടുംബം ദുരിതത്തിൽ. കോട്ടത്തറ പഞ്ചായത്തിലെ നാലാംവാർഡിലെ കാപ്പംകൊല്ലി രാജൻ(41), ഭാര്യ ലക്ഷ്മി, കുട്ടികളായ അവന്തിക(11), അരുണ്‍(ഏഴ്) എന്നിവരാണ് കഴിയുന്നത്. ആസ്ബസ്റ്റോസ് വെച്ച് 15 കൊല്ലംമുൻപ് പതിനായിരം രൂപയ്ക്ക് സർക്കാർ അനുവദിച്ച വീടാണിത്.
പിതാവ് അച്ചപ്പനും അമ്മ കുംഭയും ഇന്നില്ല. സംസാരിക്കാനാവാത്ത 55 കാരിയായ സഹോദരിയും വികലാംഗനായ രാജനോടൊപ്പമാണ് താമസം. വെള്ളം വീഴുന്ന ഭാഗങ്ങളിൽ പാത്രം വെച്ച് വെള്ളം ഇടയ്ക്കിടെ പുറത്തേക്ക് കളയേണ്ട സാഹചര്യമാണുള്ളത്.
പട്ടികവർഗ്ഗ വകുപ്പിനായി ലക്ഷങ്ങൾ ധൂർത്തടിച്ചുകളയുന്പോഴാണ് വികലാംഗരും വനവാസിയും ദാരിദ്ര രേഖയ്ക്കുതാഴെയുള്ള ഒരു കുടുംബം വീടിനുവേണ്ടി ഓഫീസുകൾ കയറി ഇറങ്ങുന്നത്. രാജനും സഹോദരിക്കും ലഭിക്കുന്ന വികലാംഗപെൻഷനാണ് ഇവരുടെ വരുമാനമാർഗ്ഗം. ഗ്രാമസഭയും ഉൗരുകൂട്ടവുമെല്ലാം വീട് അനുവദിക്കണമെന്ന് പറയുന്പോഴും വീടെന്ന സ്വപ്നവുമായി കാത്തിരിക്കുകയാണ് രാജനും കുടുംബവും.