കോയമ്പത്തൂർ: ഇൻകംടാക്സ് അധികൃതരെന്നു പരിചയപ്പെടുത്തി ബാങ്ക് വിവരം ശേഖരിക്കുന്ന ഫോൺകോളു കൾക്കെതിരേ ജാഗ്രതയോടെയായിരിക്കണമെന്ന് സൈബർ സെൽ മുന്നറിയിപ്പുനല്കി.
പഴയ നോട്ട് പ്രശ്നത്തെ തുടർന്ന് ഓരോ വ്യക്‌തികളുടെയും ബാങ്ക് അക്കൗണ്ടുകളിൽ ഡെപ്പോസിറ്റ് ചെയ്ത പണത്തിന്‍റെ വിവരങ്ങൾ ശേഖരിച്ച് 2.50 ലക്ഷത്തിനുമേൽ ഡെപ്പോസിറ്റ് ചെയ്തവർക്ക് ഇൻകം ടാക്സ് നോട്ടീസ് നല്കിവരുന്നു.
ഇതു കൈമുതലാക്കി ചിലർ ഇൻകംടാക്സ് അധികൃതരെന്നു ഫോണിൽ പരിചയപ്പെടുത്തി ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് ബാങ്കിൽനിന്നും പണം കൈപ്പറ്റുന്നതും വർധിച്ചിരിക്കുകയാണ്.അതിനാൽ പൊതുജനങ്ങൾ ഇത്തരം ഫോൺ കോളുകൾക്കെതിരേ ജാഗ്രത പാലിക്കണം.
ഇൻകം ടാക്സ് അധികൃതർ ഒരിക്കലും ഫോണിൽ വിളിച്ച് വിവരം ശേഖരിക്കുകയില്ല. നോട്ടീസ് അയച്ച് വിശദീകരണം ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്ന് സൈബർ സെൽ അധികൃതർ മുന്നറിയിപ്പുനല്കി.