ഇരിങ്ങാലക്കുട: പ്രണയിക്കുന്ന കമിതാക്കൾക്ക് നാട്ടുകാരുടെ താക്കീത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പ്രണയ നിരോധിത മേഖലയായി ചിത്രീകരിച്ച് ഫ്ളക്സ് ബോർഡുകൾ ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു യുവാവിന്റെ ജീവൻ അപഹരിക്കപ്പെടുകയും നിരവധിപേർ പോലീസിന്റെ നിരീക്ഷണത്തിലായതും സംഭവത്തിലെ പ്രതി ആത്മഹത്യക്കു ശ്രമിച്ചതുമാണ് ഇതിന്റെ ആധാരം. അതിരുവിട്ട പ്രണയമാണ് ഇതിനെല്ലാം വഴിവെച്ചതെന്ന തിരിച്ചറിവാണു ഇത്തരം ഫ്ളക്സ് ബോർഡുകൾ ഉയരാൻ കാരണമായത്.
പല കമിതാക്കളും സല്ലപിക്കുന്ന ഇടമാണ് ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടങ്ങളിലെ ഇടുങ്ങിയ ഗോവണികളും ഇടവഴികളും. സ്കൂൾ-കോളജ് വിദ്യാർഥികളാണ് ഇവിടെ സല്ലപിക്കുന്നവരിലേറെയും. സ്കൂളും കോളജും വിടുന്ന സമയത്താണു ഇവരുടെ തിരക്ക് അനുഭവപ്പെടുക. മുന്പ് പ്രണയ സല്ലാപങ്ങളുടെ എണ്ണം വർധിച്ചപ്പോൾ പോലീസ് ഇതുപോലെ ബസ് സ്റ്റാൻഡിൽ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു.
വിദ്യാർഥികൾ നാളെയുടെ സ്വപ്നമാണ്. അവർ കമിതാക്കളായി നാളെയുടെ ശല്യമാകാതിരിക്കുവാൻ പൊതുജനം ശ്രദ്ധിക്കണമെന്നും ഇവരുടെ സല്ലാപം കണ്ടാലുടൻ പോലീസിൽ അറിയിക്കണമെന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്.
അന്ന് പോലീസ് സ്റ്റേഷനിലെ ഫോണ് നന്പറുകൾ സഹിതമായിരുന്നു പോസ്റ്ററുകൾ. ബസ് സ്റ്റാൻഡിൽ വച്ചുണ്ടാകുന്ന കമിതാക്കളുടെ പ്രണയ സല്ലാപം അടുത്തക്കാലത്ത് ഏറെ പരാതികൾക്കിടവന്നിട്ടുണ്ട്.
ബസ് സ്റ്റാൻഡിലെ ഇന്റർനെറ്റ് കഫേകളിൽ സ്കൂൾ വിടുന്ന സമയം കമിതാക്കളുടെ തിരക്ക് ഏറെയാണ്. സ്കൂളും കോളജും വിട്ടുകഴിഞ്ഞാൽ കമിതാക്കൾ ഒത്തുചേർന്ന് ഭക്ഷണം കഴിച്ചശേഷം സൗകര്യപ്രദമായ ബസിൽ യാത്രയാക്കിയ ശേഷമേ അന്നത്തെ ദിവസം ഇവർ തമ്മിൽ പിരിയുകയുള്ളൂ. പല പ്രണയ ബന്ധങ്ങളും അതിരുവിടുന്നതായും ഇതു തെറ്റായ രീതിയിലേക്ക് പോകുന്നതായും സൂചനകളുണ്ട്.
കമിതാക്കളുടെ സല്ലാപം മൂലം ബസ് സ്റ്റാൻഡിൽ ഉണ്ടാകുന്ന അനാവശ്യ തിക്കും തിരക്കും ഒഴിവാക്കുന്നതിനും ഇവരുടെ ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനുമുള്ള ഇത്തരം നടപടികൾ ഏറെ പ്രശംസനീയമണെന്നാണു നാട്ടുകാരുടെ വിലയിരുത്തൽ.