കെ. ഷിന്റുലാല്
കോഴിക്കോട്: സംസ്ഥാനത്ത് ആളില്ലാ ഹൈടെക് പോലീസ് സ്റ്റേഷനുകള് (വെര്ച്വല് പോലീസ് സ്റ്റേഷന്) ആരംഭിക്കുന്നു. പൊതുജനങ്ങള്ക്ക് പരാതി സമര്പ്പിക്കാനുള്ള സൗകര്യങ്ങളോടെയാണ് വെര്ച്വല് സ്റ്റേഷനുകള് ആരംഭിക്കുന്നത്.
അഞ്ചു കോടി രൂപ ബജറ്റില് ഇതിനായി നീക്കിവച്ചു. പരീക്ഷണാടിസ്ഥാനത്തില് എറണാകുളം ജില്ലയില് സ്റ്റേഷന് ആരംഭിക്കും. വിജയകരമായാല് മറ്റു ജില്ലകളില് കൂടി ആരംഭിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം.
സൈബര് ഡോമിന്റെ കീഴിലാണ് നടപടികള് പുരോഗമിക്കുന്നത്. സ്റ്റേഷനിലേക്കുള്ള കിയോസ്കുകള് തയാറാക്കി വരികയാണെന്ന് സൈബര് ഡോം അധികൃതര് അറിയിച്ചു.
സ്ക്രീൻ വഴി പരാതി നല്കാം
വെര്ച്വല് പോലീസ് സ്റ്റേഷന് സ്ഥാപിക്കുന്നത് സംബന്ധിച്ച് 2019 ല് തന്നെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് വ്യക്തമാക്കിയിരുന്നു. എന്നാല് കഴിഞ്ഞ ബജറ്റില് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായിരുന്നില്ല.
എന്നാല് ഇത്തവണ വെര്ച്വല് പോലീസ് സ്റ്റേഷനുള്പ്പെടെ യൂണിഫോം ഫോഴ്സിനെ പ്രത്യേക പരിഗണന ബജറ്റില് നല്കിയിട്ടുണ്ട്. പോലീസുള്പ്പെടെയുള്ള യൂണിഫോം ഫോഴ്സിനായി 239 കോടി രൂപയാണ് ബജറ്റില് അനുവദിച്ചത്.
24 മണിക്കൂറും പ്രവര്ത്തിക്കും വിധത്തിലാണ് വെര്ച്വല് സ്റ്റേഷനുകള് ആരംഭിക്കുന്നത്. പൊതുജനങ്ങള്ക്ക് അവിടെ സ്ഥാപിക്കുന്ന സ്ക്രീന് കിയോസ്കുകള് വഴി പരാതി സമര്പ്പിക്കാം.
സര്വറുകള് മുഖേന അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കോ കണ്ട്രോള്റൂമിലേക്കോ പരാതി എത്തിച്ചേരും വിധത്തിലാണ് സൗകര്യം ഒരുക്കുന്നത്. പരാതി സ്വീകരിച്ചു കഴിഞ്ഞാല് പരാതിക്കാരന് സന്ദേശം ഫോണിലേക്ക് ലഭ്യമാക്കും.
പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്കുമ്പോള് പൊതുജനങ്ങള്ക്കുണ്ടാവുന്ന പ്രശ്നങ്ങള് ഇത്തരം സ്റ്റേഷനുകള് സ്ഥാപിക്കുന്നതിലൂടെ പരിഹരിക്കാനാവും.
വെര്ച്വല് സ്റ്റേഷനുകള് കൂടാതെ ബജറ്റില് 143 കോടി രൂപയാണ് പോലീസ് സേനയ്ക്കായി വകയിരുത്തിയിട്ടുള്ളത്. ഇതില് 53 കോടി രൂപ നിര്മാണ പ്രവൃത്തികള്ക്ക് വേണ്ടിയുള്ളതാണ്.
കേന്ദ്രാവിഷ്കൃത പദ്ധതിയില് പോലീസ് നവീകരണത്തിന് 45 കോടിയും അനുവദിച്ചിട്ടുണ്ട്. വിജിലിന്സിനും പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്. ഒന്പത് കോടി രൂപയാണ് അനുവദിച്ചത്.
ജയില് നവീകരണത്തിന് 18 കോടി രൂപയും ഫയര് ആന്ഡ് റസ്ക്യൂ നവീകരണത്തിന് 69 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഫയര്ഫോഴ്സില് 2021-22 വര്ഷത്തില് സിവില് ഡിഫന്സ് എന്നപേരില് പുതിയ പദ്ധതി ആവിഷ്കരിക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എട്ട് കോടി രൂപയും ബജറ്റില് അനുവദിച്ചിട്ടുണ്ട്.