തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ പോലീസിനെതിരായ പരാമർശങ്ങൾ തള്ളി ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത. പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്.
രജിസ്റ്ററിൽ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണ് സിഎജി കണ്ടെത്തിയതെന്നും ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോട്ടിൽ പറയുന്നു.
തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് ആഭ്യന്തര സെക്രട്ടറിയുടെയും റിപ്പോർട്ട്. വെടിക്കോപ്പുകളുടെ കണക്ക് സൂക്ഷിക്കുന്നതിൽ 1994 മുതൽ പിഴവെന്നും റിപ്പോർട്ടിൽ പറയുന്നു.
എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടേയും വിവരം കന്പ്യൂട്ടറൈസ്ഡ് ചെയ്യുമെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് നൽകി.
സിഎജി റിപ്പോർട്ട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന പ്രതിപക്ഷാവശ്യം തള്ളിയാണ് ആഭ്യന്തര വകുപ്പിനെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.
സിഎജി റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് തോക്കും തിരകളും കാണാതായതും പോലീസ് നവീകരണ ഫണ്ട് വകമാറ്റി ചെലവഴിച്ചതുമാണ്. ഇക്കാര്യത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ നടപടി ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സർക്കാർ.