പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ അഭിമാനമായ ദീർഘ ദൂര സർവീസുകൾ ഘട്ടം ഘട്ടമായി മതിയാക്കും. പകരം ഈ റൂട്ടുകളിൽ സ്വതന്ത്ര സ്ഥാപനമായ കെ സ്വിഫ്റ്റിന്റെ ബസുകൾ ഓടും. ഇതിന് മുന്നോടിയായി ദീർഘ ദൂര സർവീസുകളുടെ ബുക്കിംഗ് കെ സ്വിഫ്റ്റ് ഏറ്റെടുത്തു.
മേയ് ഒന്നു മുതൽ ബുക്കിംഗ് പൂർണമായും കെ സ്വിഫ്റ്റായിരിക്കും നടത്തുന്നത്. ഇതിനായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും കഴിഞ്ഞ 17 – ന് നിലവിൽ വന്നു.
കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ് തുടങ്ങിയവൻ വരുമാനം നേടി കൊണ്ടിരിക്കുന്ന സർവീസുകളാണ് കെ സ്വിഫ്റ്റിന് കൈമാറുന്നത്.
ഇത് പൂർത്തിയാകുമ്പോൾ ഫാസ്റ്റ് പാസഞ്ചറുകളും ഓർഡിനറികളുമായി കെഎസ്ആർടിസിയുടെ സർവീസുകൾ ചുരുങ്ങും.കെഎസ്ആർടിസി യുടെ ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്ഫോമിലേയ്ക്ക് മാറ്റുകയാണ് എന്നാണ് ഔദ്യോഗിക വിശദീകരണം.
www.onlineksrtcswift.com എന്നതാണ് പുതിയ വെബ്ബ് അഡ്രസ്. ഒരേ സമയം 12 ടിക്കറ്റുകൾവരെ ബുക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
സ്ത്രീകൾക്ക് മാത്രമായി സീറ്റ് ബുക്ക് ചെയ്യുന്ന സിംഗിൾ ലേഡി സംവിധാനം ഇതിൽ ഏർപ്പെടുത്തിയിട്ടില്ല. പകരം സ്ത്രീകൾക്കായി പിങ്ക് സീറ്റ് ഒരുക്കിയിട്ടുണ്ട്.
http://www.onlineksrtcswift.com