കാണാന്‍ ഭംഗിയുള്ള പല ജീവികളും അപകടകാരികളാകാറുണ്ട്. ഉദാഹരണം ഒട്ടുമിക്ക വിഷപാമ്പുകളെയും കാണാന്‍ നല്ല ഭംഗിയാണെന്നതു തന്നെ.
ചെഞ്ചെവിയന്‍ ആമകളുടെ കാര്യവും സമാനമാണ്. കാണാന്‍ സുന്ദരനാണെങ്കിലും ഇവ പരിസ്ഥിതിയ്ക്ക് സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. സംസ്ഥാനത്ത് ഇവ പെരുകുന്നുവെന്ന വിവരം അത്യന്തം ആശങ്കാജനകമാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 49 എണ്ണത്തിനെയാണ് വിവിധയിടങ്ങളില്‍ നിന്നായി കണ്ടെത്തിയത്. പേരുപോലെ തന്നെ ചെവി ഭാഗത്തെ ചുവന്ന നിറമാണ് ഇവയുടെ പ്രത്യേകത.
ആഫ്രിക്കന്‍ ഒച്ചുപോലെ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധവേണമെന്ന് വനം ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
മെക്സിക്കോയാണ് ചെഞ്ചെവിയന്‍ ആമകളുടെ ജന്മദേശം. കാണാന്‍ ഭംഗിയുണ്ടെങ്കിലും അപകടകാരിയാണെന്ന് വിദഗ്ധര്‍ പറയുന്നു.
മനുഷ്യനെ ബാധിക്കുന്ന ബാക്ടീരിയകളുടെ വാഹകരാണ്. മാത്രമല്ല ജലാശയങ്ങളിലെ ചെറുജീവികളെ നശിപ്പിക്കും.
ആഫ്രിക്കന്‍ ഒച്ചുപോലെ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ഭാവിയില്‍ പരിസ്ഥിതിക്ക് ഇവ ഭീഷണിയാകുമെന്ന് വന ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സൈന്റിസ്റ്റ് ഡോ.ടി വി സജീവ് പറയുന്നു.
വെള്ളത്തിലിറങ്ങിയാല്‍ മത്സ്യങ്ങളും തവളകളുമുള്പ്പെടെ സകലതിനെയും കൊന്നു കളയുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതിവേഗത്തില്‍ വളരുന്ന ഇവയെ അമേരിക്ക, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂര്‍ണമായും നശിപ്പിക്കുകയും പല രാജ്യങ്ങളിലും വില്പനയും ഇറക്കുമതിയും നിരോധിക്കുകയും ചെയ്തതാണ്.
മുന്‍പ് മണ്ണുത്തി കാളത്തോട് തോട്ടില്‍ നിന്നു കിട്ടിയ ആമയെ കേരള വന ഗവേഷണ കേന്ദ്രത്തിലെ നോഡല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഇന്‍വേഷന്‍സില്‍ ആണ് പാര്‍പ്പിച്ചത്.
നോര്‍ത്ത് അമേരിക്കയിലെ മെക്സിക്കോയില്‍ മിസിസിപ്പി വാലിയിലാണ് ഈ ആമകള്‍ ആദ്യം ഉണ്ടായിരുന്നത്. ഇവയെ അമേരിക്ക പിന്നീടു പൂര്‍ണമായും തുരത്തി. സസ്യങ്ങളെയും ജലത്തിലെ ജീവികളെയും നശിപ്പിക്കുമെന്നതാണു പല രാജ്യങ്ങളും ഇവയെ തുരത്താന്‍ കാരണം.
പല രാജ്യങ്ങളിലും ഇവയെ കൈവശം വയ്ക്കുന്നതു നിരോധിച്ചിട്ടുണ്ട്. മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളെ വഹിക്കുന്നവയുമാണ് ഇവ. അമേരിക്കയില്‍ ഇവയെ നിരോധിക്കാന്‍ അതും കാരണമായി.
കേരളത്തില്‍ 2018ല്‍ രണ്ടിടങ്ങളില്‍ ഈ ആമയെ കണ്ടിട്ടുണ്ടെങ്കിലും അവയെ ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തില്‍ സുരക്ഷിതമായി മാറ്റിയിരുന്നു. മറ്റെവിടെയെങ്കിലും സമാനമായ ആമയെ കണ്ടെത്തിയാല്‍ അധികൃതരെ വിവരം അറിയിക്കണം.ഫോണ്‍: 0487 2690222.