മരട്: ദേശീയപാത ബൈപ്പാസിലെ കുമ്പളം ടോൾ പ്ലാസക്കു സമീപത്തും സർവീസ് റോഡരികുകളിലും അനധികൃത ലോറി പാർക്കിംഗ് ദുരിതമാവുന്നതായി ആക്ഷേപം. നിരവധിതവണ പരാതി പറഞ്ഞെങ്കിലും നടപടികളൊന്നുമില്ലാതെ അപകടകരമായ പാർക്കിങ്ങ് തുടർന്നുവരുന്നതായി നാട്ടുകാർ പറയുന്നു. ലോറി ജീവനക്കാർ ഭക്ഷണം പാകം ചെയ്ത ശേഷം അവശിഷ്ടങ്ങൾ റോഡരികിൽ തന്നെ നിക്ഷേപിക്കുന്നത് കൂടാതെ മലമൂത്ര വിസർജ്ജനത്തിനും രാത്രി സമയങ്ങളിൽ പാതയോരം ഉപയോഗിക്കുന്നത് മൂലം റോഡരികിലൂടെയുള്ള കാൽനടയാത്രപോലും അസാധ്യമായിരിക്കുകയാണ്.
അടുത്തിടെ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ അരികിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥിയെ വാഹനമിടിച്ച് വീഴ്ത്തിയ സംഭവത്തിൽ കുട്ടി തൽക്ഷണം മരണപ്പെടുകയുണ്ടായി. പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറമൂലം വാഹനത്തിന്റെ ഡ്രൈവർക്ക് വിദ്യാർഥി റോഡുമുറിച്ച് കടക്കുന്നത് കാണാൻ പറ്റാതിരുന്നതാണ് അപകടമുണ്ടാക്കിയത്. ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് തിരിയുന്ന ഇടങ്ങളിലും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കൂറ്റൻ ലോറികൾ നിർത്തിയിടുന്നത് അപകട സാധ്യതയുണ്ടാക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ചെറുതും വലുതമായ വാഹനങ്ങളുടെ പാർക്കിംഗ് മൂലം ഗതാഗത കുരുക്കും തർക്കവും ഒഴിഞ്ഞിട്ടു നേരമില്ല. റോഡു കൈയടക്കി മാർഗ തടസമായി നിറുത്തിയിട്ടിരിക്കുന്ന ഇതര സംസ്ഥാന അതിഭാര വാഹനങ്ങളാണ് പ്രധാന പ്രശ്നക്കാർ. ടൈലുകൾ, ഇരുമ്പ് പൈപ്പുകൾ, കാറുകൾ എന്നിവ കയറ്റി വരുന്ന കൂറ്റൻ ലോറികളാണ് പ്രധാന വഴി മുടക്കികൾ. റോഡിന്റെ പകുതിയോളം വീതിയുള്ള വാഹനങ്ങൾ റോഡരികിൽ നിറുത്തിയിട്ടിരിക്കുന്നതു മൂലം എതിരെ മറ്റൊരു വണ്ടി വരികയാണെങ്കിൽ റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
ഇതാണ് പലപ്പോഴും തർക്കത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നത്. ചരക്കുമായി എത്തുന്ന കൂറ്റൻ ട്രയിലർ വാഹനങ്ങൾ കയറ്റിറക്കു നടത്തുന്നതും നിന്നു തിരിയാൻ ഇടമില്ലാത്ത സർവീസ് റോഡിലാണ്. പ്രദേശത്ത് നിയമ വിധേയമല്ലാതെ പ്രവർത്തിക്കുന്ന ഗോഡൗണുകളിൽ മതിയായ പാർക്കിങ്ങ് സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിനാലാണ് ലോറികൾ ദേശീയ പാതയോരത്ത് പാർക്ക് ചെയ്യുവാൻ നിർബന്ധിതമാകുന്നത്. ജനങ്ങൾക്ക് ഭീഷണിയായ അനധികൃത ലോറി പാർക്കിങ്ങിനെതിരേ ഗതാഗത വകുപ്പിനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് എൻസിപി കുമ്പളം മണ്ഡലം പ്രസിഡന്റ് കെ.ജി.അശോകൻ പറഞ്ഞു.