മണ്ണാർക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ മണ്ണാർക്കാട് നഗരത്തിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം ഗതാഗതക്കുരുക്ക് പതിവായി. നെല്ലിപ്പുഴ മുതൽ കുന്തിപ്പുഴ വരെയുള്ള ഭാഗങ്ങളിലാണ് സ്വകാര്യ വാഹനങ്ങളുടെയും ടാക്സി വാഹനങ്ങളുടെയും അനധികൃത പാർക്കിംഗ് നടത്തി ഗതാഗതക്കുരുക്കുണ്ടാക്കുന്നത്. ഇതുമൂലം നഗരത്തിൽ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുകയാണ്.
റോഡിനിരുവശത്തും വീതികൂട്ടിയ ഭാഗങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ടു പോകുന്നതാണ് കൂടുതൽ കുരുക്ക് സൃഷ്ടിക്കുന്നത്. കോടതിപ്പടി, കെടിഎം സ്കൂൾ പരിസരം തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതൽ വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ നിർത്തിയിടുന്നത്. ആൽത്തറ കയറ്റത്തിൽ ഒരുവശത്തെ അഴുക്കുചാൽ നിർമാണം പൂർത്തിയായി. മറുവശത്തെ നിർമാണം പുരോഗമിക്കുകയാണ്.
ഇതിനാൽ ഇവിടെ എപ്പോഴും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. ഇവിടുത്തെ കുരുക്കിൽ നിന്ന് രക്ഷപ്പെട്ട് സി പി എം ഓഫിസ് പരിസരത്ത് എത്തുന്പോഴേക്കും വീണ്ടും കുരുക്കായി. സ്വകാര്യ ബസുകൾ ബസ് ബസ് സ്റ്റാൻഡിന് മുൻവശത്തും പള്ളിപ്പടിയിലും നിർത്തി ആളുകളെ കയറുന്നത് ഗതാഗതക്കുരുക്ക് വർധിക്കാൻ കാരണമാകുന്നു.
കോടതിപ്പടി ഭാഗങ്ങളിലും റോഡരികിൽ വാഹനം നിർത്തി പോകുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ട്രാഫിക് പോലീസ് കാര്യക്ഷമമാക്കി ഇത്തരം പ്രവൃത്തിക്ക് എതിരെ കർശനനടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.