അമ്പലപ്പുഴ: അമ്പലപ്പുഴ ജംഗ്ഷനിലെ അശാസ്ത്രീയ പാർക്കിംഗ് ക്രമീകരണം വാഹന ഉടമകളെ വലയ്ക്കുന്നു. കച്ചേരിമുക്കിലാണ് പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് പുതിയ പരിഷ്ക്കാരം ഏർപ്പെടുത്തിയത്. 69 കോടി രൂപാ ചെലവിൽ അമ്പലപ്പുഴ തിരുവല്ല റോഡു നിർമാണം പൂർത്തിയായതോടെ റോഡിന്റെ ഇരുവശവും നിരവധി വാഹനങ്ങളാണ് പാർക്കു ചെയ്യുന്നത്.
ഇത് ദേശീയ പാതയിൽ വരെ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായതോടെയാണ് പുതിയ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയത്.ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് 200 മീറ്ററിലേറെ ദൂരമാണ് നോ പാർക്കിംഗ് ഏരിയയായി നിശ്ചയിച്ചിരിക്കുന്നത്. ഇതാണ് ഇരുചക്ര വാഹനമുൾപ്പെടെയുള്ള വാഹന ഉടമകളെ ദുരിതത്തിലാക്കുന്നത്.
ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫീസ്, മാവേലി സ്റ്റോർ, ത്രിവേണി സൂപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും പലവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ വാഹനം വളരെ ദൂരം വെച്ച ശേഷം നടന്ന് ജംഗ്ഷനിലെത്തേണ്ട അവസ്ഥയാണ്. ഇത് കണക്കിലെടുത്ത് വാഹന ഉടമകൾ ഇപ്പോൾ നോ പാർക്കിംഗ് ഏരിയായിൽത്തന്നെയാണ് വാഹനം വെക്കുന്നത്.
ഫെബ്രുവരി മുതൽ ഈ രീതിയിൽ നോ പാർക്കിംഗ് ഏരിയയിൽ വാഹനം വെച്ചാൽ പിഴയീടാക്കാനാണ് പോലീസ് തീരുമാനം. പകരം പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിൽ അധികൃതർ കാട്ടിയ വീഴ്ചയാണ് വാഹന ഉടമകളെ വലക്കുന്നത്. ഗ്രാമ പഞ്ചായത്താണ് പാർക്കിംഗ് സൗകര്യം ഒരുക്കേണ്ടത്.
എന്നാൽ ജംഗ്ഷന് സമീപം ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തുന്നതിൽ പഞ്ചായത്ത് വീഴ്ച കാട്ടിയതോടെ ജംഗ്ഷനിൽ വാഹനം പാർക്കു ചെയ്യാൻ കഴിയാത്ത സ്ഥിതിയായി. പകരം സംവിധാനം ഏർപ്പെടുത്തും വരെ പിഴയിൽ നിന്ന് വാഹന ഉടമകളെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.