കാക്കനാട്: കളക്ടറേറ്റ് പരിസരത്ത് അലക്ഷ്യമായി പാർക്ക് ചെയ്ത വാഹങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഫയർ പോയിന്റിനു സമീപം പാർക്ക് ചെയ്ത ഇരുചക്ര വാഹനത്തിന് ഇന്നലെ മോട്ടോർ വാഹന വകുപ്പ് കത്രിക പൂട്ടിട്ടു.
ഇരുചക്ര വാഹനങ്ങളും കാറുകളും കളക്ടറേറ്റ് മതിൽക്കെട്ടിനുളളിൽ നോ പാർക്കിംഗ് സ്ഥലങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണു നടപടി ആരംഭിച്ചത്.
സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ ഫയർഫോഴ്സിനും, മറ്റു സുരക്ഷ പ്രവർത്തനങ്ങൾക്കും എത്തിചേരാൻ തടസമുണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് എ ഡി എം എല്ലാ വകുപ്പുതല മേധാവികൾ വഴി ജീവനക്കാരെ അറിയിച്ചിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ജില്ലാ കളക്ടറുടെ ചുമതലയുളള എഡിഎം എസ്.ഷാജഹാൻ സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കു പാർക്കിംഗ് മാർഗനിർദേശങ്ങളും നൽകിയിരുന്നു.
കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ഫയർ ഹൈഡ്രന്റുകൾ മറയ്ക്കുന്ന രീതിയിൽ പാർക്ക് ചെയ്ത ജീവനക്കാരുടെ പത്തു വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു.
നിർദേശങ്ങൾ പാലിക്കാതെ തുടർന്നും ഇവിടെ പാർക്ക് ചെയ്ത ഇരുചക്ര വാഹനമാണ് മോട്ടോർ വാഹന വകുപ്പ് പൂട്ടിയത്.ഓഫീസ് സമയം കഴിഞ്ഞ് ജീവനക്കാരൻ വാഹനത്തിന്റെ അടുത്ത് എത്തിയപ്പോഴാണ് ബുള്ളറ്റിന്റെ പിന്നിലെ വീൽ പൂട്ടിട്ടതു കണ്ടത്.
ജീവനക്കാരൻ മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചെങ്കിലും കളക്ടറുടെ അനുമതി ലഭിക്കണമെന്ന് നിർദേശിക്കുകയായിരുന്നു. മാപ്പപേക്ഷ എഴുതിനൽകിയ ശേഷമാണു പൂട്ട് തുറന്നുകൊടുത്തത്.
പാർക്കിംഗ് അനുമതിയില്ലാത്ത സ്ഥലങ്ങളിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്താൽ തുടർന്നും ശക്തമായ നടപടി ഉണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അനന്തകൃഷ്ണൻ പറഞ്ഞു.