തളിപ്പറമ്പ് : തളിപ്പറമ്പ് പ്ലാസ ജംഗ്ഷന്-കാക്കാത്തോട് റോഡില്‍ ഗതാഗതകുരുക്ക് നിത്യസംഭവമാകുന്നു. റോഡ് വീതികൂട്ടി മെക്കാഡം ടാര്‍ ചെയ്തുവെങ്കിലും അനധികൃതമായി റോഡരികില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് വ്യാപകമായതോടെയാണ് കുരുക്ക് മുറുകുന്നത്. നടപടിയെടുക്കേണ്ടവര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നുമില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നഗരസഭ ലക്ഷങ്ങള്‍ ചിലവഴിച്ച് റോഡ് വീതികൂട്ടി മെക്കാഡം ടാര്‍ ചെയ്തത് സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ വേണ്ടിയാണെന്ന് തോന്നുന്ന രീതിയിലാണ് ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.ഒരു കാലത്ത് വീതി കുറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ റോഡായിരുന്നു ഇത്.
കാക്കാത്തോട് ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ക്ക് എളുപ്പത്തില്‍ ടൗണില്‍ എത്തിച്ചേരാനുള്ള റോഡ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ റോഡിന് ഇരുവശവുമുള്ള സ്ഥലം ഉടമകള്‍ സൗജന്യമായി വിട്ടുനല്‍കിയതിനെ തുടര്‍ന്ന് വീതികൂട്ടി മെക്കാഡം ടാര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ ബൈക്കുകളും കാറുകളും മറ്റു ചരക്കിറക്കാന്‍ വരുന്ന വലിയ വാഹനങ്ങളുമെല്ലാം റോഡിനിരുവശവും തോന്നിയതുപോലെ നിര്‍ത്തിയിടുന്നത് കാരണം മറ്റ് വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയുമാണ്. പലരും വാഹനങ്ങള്‍ രാവിലെ ഇവിടെ നിര്‍ത്തിയിട്ടിട്ട് പോകുന്ന അവസ്ഥയുമുണ്ട്.
സമീപത്തെ കെട്ടിടങ്ങളിലെ സ്ഥാപനത്തിലേക്ക് പോകേണ്ടവരും റോഡ് തന്നെ പാര്‍ക്കിംഗ് കേന്ദ്രമാക്കുമ്പോള്‍ കുരുക്ക് കൂടുതല്‍ രൂക്ഷവുമാകുന്നു. എന്നാല്‍ നഗരസഭയോ, പോലീസോ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. വഹനങ്ങള്‍ക്ക് കടന്നുപോകേണ്ട നഗരസഭാ റോഡ് പാര്‍ക്കിംഗ് കേന്ദ്രമാകുമ്പോള്‍ പ്രതിഷേധം ശക്തമാവുകയാണ്.