ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ താത്കാലികമായി എത്തുന്നവരുടെ വാഹനങ്ങൾ പണം നല്കാതെ പാർക്ക് ചെയ്യാൻ സ്ഥലമില്ല. യാത്രക്കാരെ ട്രെയിനിൽ കയറ്റി വിടാനും സ്വീകരിക്കാനും ബുക്കിംഗിനും എടിഎമ്മിൽ നിന്നു പണമെടുക്കാനും ഭക്ഷണം കഴിക്കാനും ധാരാളം പേർ ഇവിടെ ദിവസവും എത്താറുണ്ട്. എന്നാൽ ഇവരുടെ വാഹനങ്ങൾ അല്പനേരം പാർക്ക് ചെയ്യാനുള്ള സ്ഥലം ഇവിടെ വേർതിരിച്ചിട്ടിട്ടില്ല.
വാഹനങ്ങളുമായി എത്തുന്നവരെ കുറ്റവാളികളാക്കുന്ന നടപടികളാണ് സ്റ്റേഷനിലുള്ളത്. സ്റ്റേഷൻപരിസരത്ത് പേ പാർക്കിംഗ് ഏരിയയും മറ്റുള്ളയിടങ്ങളിലെല്ലാം നോ പാർക്കിംഗ് ബോർഡുകളും മാത്രമേയുളളു. ഒന്നുകിൽ പണം അടയ്ക്കണം. അല്ലെങ്കിൽ വാഹനം നിർത്തിയിടാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഫീസ് വാങ്ങി പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ സുരക്ഷിതവുമല്ല. വാഹനം പണം കൊടുത്തു പാർക്കു ചെയ്തു ദൂരെ സ്ഥലങ്ങളിലേക്കു പോകുന്ന യാത്രക്കാരുടെ വാഹനങ്ങൾ വെളിംപ്രദേശത്തു മഴയും വെയിലും പക്ഷി കാഷ്ഠവുമൊക്കെ ഏറ്റു പരുവമാകും.
ആവശ്യമായ മേൽക്കൂര ഇവിടെ നിർമിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ താത്കാലികമായി എത്തുന്നവരുടെ വാഹനങ്ങൾ സൗജന്യമായി പാർക്കു ചെയ്യാൻ സ്ഥലം വേർതിരിച്ചിടണമെന്നും പാർക്കിംഗ് കാര്യത്തിൽ ജനസൗഹൃദപരമായ നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും കുട്ടനാട്-എറണാകുളം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ (കെർപ) ആവശ്യപ്പെട്ടു.
ആർപിഎഫ് നിയമവിരുദ്ധമായ രീതിയിൽ പരസ്യങ്ങളും മറ്റും ഉൾപ്പെടുത്തി സ്റ്റേഷന്റെ സമീപ റോഡുകളിൽപോലും നോ പാർക്കിംഗ് ബോർഡുകൾ നിരത്തി സ്ഥാപിച്ചപ്പോൾ പരക്കെ പരാതി ഉയർന്നിരുന്നു. തുടർന്നു അടുത്തിടെ ബോർഡുകളിലെ പരസ്യഭാഗം പെയിന്റടിച്ചു മാറ്റി. എന്നാൽ, സ്ഥാനത്തും അസ്ഥാനത്തും അവയൊക്കെ സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോഴും.