കുന്നംകുളം: നഗരത്തിലെ നോ പാർക്കിംഗ് ഏരിയകളിൽ അനധികൃതമായി പാർക്ക് ചെയ്തിട്ടുള്ള ബൈക്ക് അടക്കമുള്ള വാഹനങ്ങൾക്കെതിരെ പോലീസ് നടപടികൾ തുടങ്ങി. കുന്നംകുളം സിഐ കെ.ജി. സുരേഷ്, എസ്ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത പാർക്കിംഗിനെതിരെ ഇന്നലെ മുതൽ നടപടികൾ ശക്തമാക്കിയത്.
കുന്നംകുളം വടക്കാഞ്ചേരി റോഡിൽ ഇരു സൈഡിലുമായി പാർക്ക് ചെയ്ത്പോകുന്ന ടൂ വീലറുകൾക്കെതിരെ പോലീസ് മുന്നറിയിപ്പ് നല്കിയിരുന്നു. തുടർന്നും പാർക്കിംഗ് നിർബാധം തുടർന്നതോടെയാണ് പോലീസ് ഇറങ്ങിയത്. ഇവിടെ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും വാഹനം കൊണ്ടുവന്ന് കയറ്റി കൊണ്ടു പോവുകയും ചെയ്തു.
കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നും മറ്റുഭാഗങ്ങളിലേക്കു ബസുകൾ പോകുന്നത് വടക്കാഞ്ചേരി റോഡ് വഴി ഇറങ്ങിയാണ്. ഇങ്ങനെ വടക്കാഞ്ചേരി റോഡിലൂടെ പോകുന്ന ബസുകൾ പലതും ഇരുചക്രവാഹനങ്ങളുടെ അധിക പാർക്കിംഗ് കാരണം പലപ്പോഴും ഗതാഗത തടസങ്ങളിൽപ്പെടുകയാണ്. ഈ ഭാഗങ്ങളിൽ നിരവധി നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം ഗൗനിക്കാതെ തന്നെ ടൂവീലർ വാഹനങ്ങൾ പാർക്കു ചെയ്ത് പോകുക പതിവാണ്.
ചിലർ രാവിലെ വച്ചുപോകുന്ന വാഹനങ്ങൾ രാത്രി വൈകി വന്നാണ് കൊണ്ട ു പോകുക. നഗരത്തിലെ വടക്കാഞ്ചേരി റോഡിൽ നോ പാർക്കിംഗ് ഏരിയായിൽ നിർത്തിയിട്ട് പോകുന്ന വാഹനങ്ങൾ സ്ഥലത്തുനിന്നും നീക്കം ചെയ്യുന്നതും ആയതിന്റെ ചെലവുകൾ വാഹന ഉടമകളിൽ നിന്നും ഈടാക്കുന്നതുമായിരിക്കുമെന്നും എഴുതിയ ബോർഡും പോലീസ് സ്ഥാപിച്ചിട്ടുണ്ട്.
മാസങ്ങൾക്കുമുന്പ് റോഡരികിലെ അനധികൃത പാർക്കിംഗിനെതിരേ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇപ്പോൾ നഗരത്തിലെ തിരക്കേറിയ വടക്കാഞ്ചേരി റോഡിൽ നോ പാർക്കിംഗ് സ്ഥലങ്ങളിൽ അനധികൃത വാഹന പാർക്കിംഗ് വ്യാപിച്ചിരിക്കുകയാണ്. ടൂ വീലറുകൾ നിർത്തുന്നത് മൂലം ഇവിടെ പലപ്പോഴും ഗതാഗത തടസവും ഉണ്ടാകാറുണ്ട്. കുന്നംകുളം വടക്കാഞ്ചേരി റൂട്ടിലെ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഇനിയും പിടിച്ചെടുത്ത് പിഴ ഈടാക്കുന്ന നടപടി കർശനമാക്കുമെന്ന് സിഐ കെ.ജി. സുരേഷ്, എസ്ഐ സന്തോഷ് എന്നിവർ അറിയിച്ചു.
ു