സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: ഒരു മാസത്തിലേറെ ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇൗ കാലയളവിലെ സാമൂഹ്യ സുരക്ഷാ പെന്ഷന് അനുവദിക്കേണ്ടതില്ലെന്ന് ധനകാര്യ വകുപ്പിന്റെ നിര്‍ദേശം.
സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭിക്കുന്ന ഗുണഭോക്താക്കളില്‍ ഒരുമാസമോ ഇതില്‍ കൂടുതലോ കാലം റിമാന്‍ഡില്‍ കഴിയുകയോ ശിക്ഷക്കപ്പെട്ടു ജയിലില്‍ അടക്കപ്പെടുകയോ ചെയ്യുന്നവര്‍ക്കാണ് ഇൗ മാസങ്ങളിലെ പെന്ഷന് തടയുന്നത്.
സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്നവരില്‍ കുറ്റവാളികളെ കണ്ടെത്തുന്നതിനു ജയില്‍ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്ത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഒരു മാസത്തിലധികം റിമാന്‍ഡ് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെട്ടു ജയിലില്‍ അടക്കുകയോ ചെയ്യുന്നവരുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൈമാറാന്‍ ജയില്‍ വകുപ്പ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജയിലില്‍നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റവാളി സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇവരുടെ പെന്ഷന് തടയും.
കുറ്റവാളികളുടെ പെന്ഷന് ഗുണഭോക്തൃ ലിസ്റ്റില്‍നിന്നു താത്കാലിമാകമായി നീക്കുകയാണ് ചെയ്യുക. തുടര്‍ന്നു ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്ന പക്ഷം ഇവരെ വീണ്ടും പെന്ഷന് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
ഗ്രാമപഞ്ചായത്ത്,നഗരസഭ,കോര്പ്പറേഷന് എന്നിവടങ്ങളിലായി 48,58731 പേരാണ് സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്നത്.ഇവരില്‍ കുറ്റവാളികളായ നിരവധി പേര്‍ക്ക് പെന്ഷന് ലഭിക്കുന്നുണ്ട്.
സാമൂഹ്യ സുരക്ഷാ പെന്ഷന് ഉയര്‍ത്തിയതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ വരുത്തുന്നത്. മസ്റ്ററിംഗ് നടത്താത്തവരുടെ പെന്ഷന് തടയുന്നതിനിടയിലാണ് കുറ്റവാളികളുടെ ജയില്‍ കാലയളവിലെ പെന്ഷന് തടയുന്നത്.