ചേർത്തല: പെർമിറ്റും ടാക്സും ഇൻഷ്വറൻസും ഇല്ലാതെ റോഡിൽ വാഹനങ്ങൾ യഥേഷ്ടം യാത്ര നടത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കി. പെർമിറ്റ് എടുക്കാതെയും ടാക്സ് അടക്കാതെയും സർവീസ് നടത്തിയ വോൾവോ ബസ് മോട്ടോർ വാഹന വകുപ്പ് ഇന്നലെ പിടികൂടി 1,03,700 രൂപ പിഴ ഈടാക്കി.
എസ്ആർഎം ട്രാവൽസിന്റെ പേരിൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബസാണ് മാരാരിക്കുളത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിയിലായത്. പെർമിറ്റും ഇൻഷ്വറൻസും ടാക്സും അടയ്ക്കാതെ നിരവധി വാഹനങ്ങളാണ് സംസ്ഥാനത്തുടനീളം യാത്ര നടത്തുന്നത്.
ഒന്നിലധികം വാഹനങ്ങൾ ഉള്ളവർ ഏതെങ്കിലും ഒരു വാഹനത്തിന് മാത്രം ഇൻഷുറൻസും ടാക്സും പെർമിറ്റും എടുത്തതിനുശേഷം അതിൽ വാഹനത്തിന്റെ നന്പർ തിരുത്തി മറ്റ് വാഹനങ്ങളിലും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ, ടാക്സികൾ തുടങ്ങി നിരവധി വാഹനങ്ങളാണ് ഇൻഷ്വറൻസ് പോലും ഇല്ലാതെ ഓടുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സ്കൂൾ ബസുകൾ വരെ ഇത്തരത്തിൽ സർവീസ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇത്തരത്തിൽ പിടികൂടിയ സ്കൂൾ ബസുകളിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി വ്യാജ വാഹനങ്ങൾ സംസ്ഥാനത്ത് സർവീസ് നടത്തുന്നതായി മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അന്യ സംസ്ഥാനത്ത് നിന്നുള്ള ബസുകൾ ടൂറിസ്റ്റ് പെർമിറ്റ് നേടിയ ശേഷം സമാന്തര സർവീസ് നടത്തുന്നത് തടയാൻ പരിശോധന കർശനമാക്കണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശ പ്രകാരമായിരുന്നു ഇന്നലെ നടത്തിയ പരിശോധന.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.ടി കിഷോർകുമാർ, എംവിഐ മാരായ എ. സന്തോഷ്കുമാർ, ജോസ് ആന്റണി എന്നിവർ ചേർന്ന് പിടികൂടിയത്. പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ആർടിഒ കെ.മനോജ് പറഞ്ഞു.