ആലപ്പുഴ: നഗരസഭയിലെ വാർഡ് തലത്തിലെ ആദ്യ തുണി സഞ്ചി നിർമാണ യൂണിറ്റ് ഇരവുകാട് വാർഡിൽ ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന ചടങ്ങിൽ എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. വാർഡിലെ വിവിധ മേഖലകളിൽ പണിയെടുക്കുന്നവരുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങൾ അടങ്ങുന്ന · വിരിയുന്ന ഇരവുകാട് എന്നകലണ്ടറിന്റെ പ്രകാശനവും എംപി നിർവഹിച്ചു.
യൂണിറ്റിന്റെ നേതൃത്വത്തിൽ വീടുകളിൽ നിന്നും പഴയ വസ്ത്രങ്ങൾ സ്വീകരിച്ച് തുണി സഞ്ചി പകരം നൽകുകയാണ് ചെയ്യുന്നത്. വാർഡിൽ കഴിഞ്ഞ 50 മാസങ്ങളായി നടന്നു വരുന്ന പ്ലാസ്റ്റിക് വിരുദ്ധ കർമപരിപാടിയുടെ ഭാഗമായാണ് തുണിസഞ്ചി നിർമാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. പ്രാദേശികമായി സ്വീകരിക്കുന്ന കഴുകി വൃത്തിയാക്കിയ പഴയ വസ്ത്രങ്ങൾ ഉപയോഗിച്ചാണ് തുണി സഞ്ചി നിർമാണം.
അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ അഞ്ച് മെഷീനുകളിലാണ് പ്രത്യേക പരിശീലനം സിദ്ധിച്ച പത്ത് വനിതകളടങ്ങിയ യൂണിറ്റ് പ്രവർത്തിക്കുക. കഴിഞ്ഞ 50 മാസങ്ങളായി തുടർച്ചയായി വാർഡിൽ ഗാർഹിക പ്ലാസ്റ്റിക് മാലിന്യശേഖരണവും സംസ്കരണത്തിന് കൈമാറൽ പ്രക്രിയയും നടന്നു വരുന്നു. എല്ലാ മാസവും 28, 29 തീയതികളിൽ നടക്കുന്ന ഗാർഹിക പ്ലാസ്റ്റിക് മാലിന്യ ശേഖരണം പുതിയൊരു സംസ്കാരം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ആരും തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുകയോ പൊതു ഇടങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യുന്നില്ല.
ഒരു മാസം വീട്ടിലുണ്ടാവുന്ന പ്ലാസ്റ്റിക് മാലിന്യം കഴുകി ഉണക്കി വൃത്തിയാക്കി കൈമാറുന്നു. പ്രകാശനം ചെയ്യപ്പെട്ട കലണ്ടറിൽ ഇരവുകാട് വാർഡിലെ പെയിന്റിംഗ്, പ്ലംബിംഗ്, മേസ്തിരി, കാർപെന്റർ, ഓട്ടോ, ടാക്സി തൊഴിലാളികൾ, അംഗൻവാടി -ആശാ വർക്കർമാർ, അഭിഭാഷകർ, ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ, പ്രൊഫഷണലുകൾ തുടങ്ങി വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുടേയും സ്ഥാപനങ്ങളുടേയും നന്പർ ഉൾപെടുത്തിയിട്ടുണ്ട്.
ഇരവുകാട് കൗണ്സിലർ ഇന്ദു ടീച്ചറിന്റെ അധ്യക്ഷതയിൽ ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്ക്കൂളിൽ നടന്ന ചടങ്ങിൽ വിനോദ് അഞ്ചുതെങ്ങിൽ സ്വാഗതം ആശംസിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എ.എ. റസാഖ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു തോമസ് മുഖ്യാതിഥിയായി. എസ്ഡി കോളജ് എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ജെ. വീണ പദ്ധതി വിശദീകരണം നടത്തി. അനിൽ ജോസഫ്, ശശിധരൻ അറയ്ക്കൽ, എസ്. പ്രദീപ്, സ്മിത രാജീവ് എന്നിവർ പ്രസംഗിച്ചു.