ഇരിങ്ങാലക്കുട: സന്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പ്ലാസ്റ്റിക് കാരി ബാഗുകൾ പൂർണമായും ഒഴിവാക്കാൻ തീരുമാനം. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപാരി പ്രതിനിധികളുടെയും വഴിയോരക്കച്ചവടക്കാരുടെ പ്രതിനിധികളുടേയും യോഗത്തിലാണ് തീരുമാനം.
ഇതിന്റെ ഭാഗമായി നഗരത്തിലെ എല്ലാ വ്യാപാരികളുടെയും വഴിയോര കച്ചവടക്കാരുടേയും യോഗം വിളിച്ച് ബോധവത്കരണം നടത്തും. പല കടകളിലും ഇപ്പോഴും നിരോധിച്ച പ്ലാസ്റ്റിക് കാരി ബാഗുകൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് പകരം തുണിസഞ്ചികൾ ഉപയോഗിക്കാൻ എല്ലാവരും തയാറാകണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.
വ്യാപാരികൾക്കൊപ്പം തന്നെ റസിഡൻസ് അസോസിയേഷനുകളുമായി ചേർന്ന് ഓരോ വീട്ടിലും ബോധവത്കരണം നടത്തും. സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നഗരത്തിൽ ബോധവത്കരണ റാലിയും സംഘടിപ്പിക്കും. ബോധവത്കരണ പരിപാടികൾക്കൊപ്പം തന്നെ ആരോഗ്യവിഭാഗം കടകളിൽ പരിശോധന നടത്തും. എന്നാൽ ആദ്യഘട്ടത്തിൽ വ്യാപാരികളിൽ നിന്ന് പിഴയീടാക്കിയില്ല.
സമയപരിധിക്ക് ശേഷം പരിശോധനയിൽ നിരോധിത കവറുകൾ പിടികൂടിയാൽ 10,000 രൂപ പിഴ ഈടാക്കുമെന്ന് നഗരസഭ വ്യക്തമാക്കി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അബ്ദുൾ ബഷീർ, നഗരസഭാ സെക്രട്ടറി കെ.എസ്. അരുണ്‍, ഹെൽത്ത് സൂപ്പർവൈസർ ആർ. സജീവ്, വ്യാപാരി വ്യവസായി പ്രതിനിധികളായ എബിൻ വെള്ളാനിക്കാരൻ, ഷാജു പാറേക്കാടൻ, തോമസ് അവറാൻ, ലോഹിതാക്ഷൻ, ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി പി.ടി. വർഗീസ്, വഴിയോര കച്ചവടക്കാരുടെ പ്രതിനിധി സന്തോഷ്, പോൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.