തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷം മുതൽ ഭക്ഷണവും വെള്ളവും പ്ലാസ്റ്റിക് പാത്രങ്ങളിൽ കൊണ്ടുവരുന്നതിനു വിലക്ക്. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം പുറപ്പെടുവിച്ചു. പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കണമെന്ന നിർദേശവും സർക്കുലറിലുണ്ട്. വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഹരിത നയത്തിന്റെ ഭാഗമായാണിത്.
ഉപയോഗശേഷം വലിച്ചെറിയുന്ന തരത്തിലുള്ള പ്ലാസ്റ്റിക് പേനകളും പരമാവധി നിരുത്സാഹപ്പെടുത്തി. മഷിപ്പേനയോ ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ബോൾ പോയിന്റ് പേനകളോ ഉപയോഗിക്കണം. സ്കൂളുകളിൽ പ്ലാസ്റ്റിക്, പേപ്പർ എന്നിവ കൊണ്ടുള്ള പാത്രങ്ങളും കപ്പുകളും ഒഴിവാക്കണം. കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള പാത്രങ്ങളും കപ്പുകളും ഉപയോഗിക്കണം.
സ്കൂളുകളിൽ യാതൊരു കാരണവശാലും ഫ്ളെക്സ് ബോർഡുകളും പ്ലാസ്റ്റിക് തോരണങ്ങളും ഉപയോഗിക്കരുത്. ഏതെങ്കിലും കാരണവശാൽ പോസ്റ്ററുകളോ ബാനറുകളോ സ്ഥാപിക്കുകയാണെങ്കിൽ അതു തുണിയിലോ പേപ്പറിലോ മാത്രമേ തയാറാക്കാവൂ. വിദ്യാലയങ്ങളിലെ ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിച്ചു വേണം ശേഖരിക്കാൻ.
സ്കൂളുകളിൽ പ്ലാസ്റ്റിക്, പേപ്പർ എന്നിവ വൃത്തിയാക്കി അടുക്കി സൂക്ഷിച്ച് അതു ശേഖരിക്കുന്നവർക്കു കൈമാറണം. മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവ വില്ക്കുന്നില്ലെന്നു സ്കൂൾ ജാഗ്രതാ സമിതി ഉറപ്പുവരുത്തണം. ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമാണം, എല്ലാ വിദ്യാലയങ്ങളിലും മഴക്കുഴി നിർമാണം, വൃക്ഷത്തൈ നടീൽ, കന്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കൽ എന്നിവയെല്ലാം ഹരിതനയത്തിന്റെ ഭാഗമായി നടപ്പാക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കാൻ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹെഡ്മാസ്റ്റർമാർക്കും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിപ്പ് നല്കി.
തോമസ് വർഗീസ്