കോട്ടയം: പ്ലാസ്റ്റിക് കാരി ബാഗുകൾ വ്യാപാരികൾ ഉപേക്ഷിച്ചു. ജില്ലയിൽ സൂപ്പർ മാർക്കറ്റുകളിൽ മുതൽ വഴിയോര കച്ചവട കേന്ദ്രങ്ങളിൽവരെ തുണി സഞ്ചികളും പേപ്പർ കവറുകളും തിരികെയെത്തിയിരിക്കുന്ന സാഹചര്യമാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം കഴിഞ്ഞ ഒന്നു മുതൽ നിലവിൽ വന്നതോടെ ജില്ലയിൽ ബദൽ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി.
പ്ലാസ്റ്റിക് കവറുകൾ ലഭിക്കാതായതോടെ വീട്ടിൽനിന്നും പുനരുപയോഗിക്കാവുന്ന സഞ്ചികളുമായി കടയിൽ പോകുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചു. ഇറച്ചിയും മത്സ്യവും വാങ്ങുന്നതിനു പാത്രങ്ങളുമായി എത്തുന്ന നിരവധി പേരുണ്ടെന്നു കച്ചവടക്കാർ പറയുന്നു. കോട്ടയം ചന്തയിൽ തേങ്ങ ഉൾപ്പെടെയുള്ള സാധനങ്ങൾ ഇപ്പോൾ വിൽക്കുന്നത് കട്ടിയുള്ള പേപ്പർ കവറുകളിലാണ്. കോട്ടിയ പേപ്പറിനുള്ളിലിട്ടു നൂലുകൊണ്ടു കെട്ടിയാണ് പഴങ്ങളുടെ കച്ചവടം.
പല സൂപ്പർ മാർക്കറ്റുകളിലും തുണി സഞ്ചികൾ വിൽപ്പനയ്ക്കുണ്ട്. 10 രൂപ മുതലാണ് വില. ജില്ലയിൽ 15 പഞ്ചായത്തുകളിലും 16 കുടുംബശ്രീ യൂണിറ്റുകളിലും തുണി സഞ്ചികൾ നിർമിക്കുന്നുണ്ട്. സ്കൂൾ വിദ്യാർഥികൾക്ക് പേപ്പർ ബാഗ് നിർമാണത്തിൽ പരിശീലനം നൽകുന്നുണ്ട്. ആവശ്യക്കാർ ഏറിയ സാഹചര്യത്തിൽ തുണിസഞ്ചി നിർമാണത്തിൽ സ്വകാര്യ വ്യക്തികളും സജീവമാണ്. ഓർഡർ അനുസരിച്ച് സഞ്ചികൾ തയാറാക്കി നൽകുമെന്നുള്ള പരസ്യങ്ങൾ പൊതു സ്ഥലങ്ങളിൽ വ്യാപകമായുണ്ട്.
ഉപഭോക്താക്കളിൽ ഏറെപ്പേരും തുണി സഞ്ചിയുമായാണ് വരുന്നതെന്ന് സൂപ്പർ മാർക്കറ്റ് ഉടമകൾ പറയുന്നു. സഞ്ചി കൊണ്ടുവരാത്തവർക്ക് മിതമായ നിരക്കിൽ തുണി സഞ്ചി വാങ്ങാം. സഞ്ചിയുമായെത്തുന്നവർക്ക് ബിൽ തുകയിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുമുണ്ട്. പലവ്യഞ്ജനങ്ങളുടെ പ്ലാസ്റ്റിക് കവറുകൾ കഴുകി വൃത്തിയാക്കി എത്തിച്ചാൽ ചില സ്ഥാപനങ്ങൾ ഇവ തിരിച്ചെടുക്കും. കോട്ടയം ചന്തയിൽ ആവശ്യക്കാർ ഏറെ
യുള്ള പച്ചക്കറി കിറ്റുകൾക്കായി പ്ലാസ്റ്റിക്കിനു പകരം തുണി സഞ്ചി ഉപയോഗിക്കാനാണ് കച്ചവടക്കാരുടെ തീരുമാനം. മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ പേപ്പർ കവറുകൾ ഉപയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ കന്പോസ്റ്റബിൾ കവറുകളാണ് (ചോളത്തിന്റെ സ്റ്റാർച്ചിൽനിന്നും നിർമിക്കുന്നത്) ബദലായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരോധനം കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ 15 മുതൽ ജില്ലയിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ഉണ്ടാകും.