സ്വന്തം ലേഖകൻ
തൃശൂർ: പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കാൻ രണ്ടും കൽപ്പിച്ച് തൃശൂർ കോർപറേഷൻ. കേരളപ്പിറവി ദിനമായ മറ്റന്നാൾ മുതൽ തൃശൂർ കോർപറേഷനിൽ പ്ലാസ്റ്റിക് നിരോധന പരിപാടികൾക്ക് തുടക്കം കുറിക്കും. മറ്റന്നാൾ മുതൽ കർശന പരിശോധന ഉണ്ടാകുമെന്ന് മേയർ അജിത വിജയൻ പറഞ്ഞു.50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളും മറ്റുമാണ് നിരോധിക്കുന്നത്.
തൃശൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതരും കോർപറേഷൻ അധികൃതരും കോർപറേഷൻ പരിധിയിലെ വ്യാപാരസ്ഥാപനങ്ങളടക്കമുള്ള സ്ഥലങ്ങളിലെത്തി പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ചും നവംബർ ഒന്നുമുതൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ സ്വീകരിക്കുന്ന ശിക്ഷാനടപടികളെക്കുറിച്ചും ആളുകളെ ബോധവത്കരിക്കുകയും വിശദമായി പറഞ്ഞുകൊടുക്കുകയും ചെയ്തിട്ടുണ്ട്.
നിരോധനം ലംഘിക്കുന്നവർക്ക് എതിരെ പിഴശിക്ഷയടക്കമുള്ള കർശന നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.പ്ലാസ്റ്റിക് നിരോധനം പ്രാവർത്തികമാക്കാനും വിജയിപ്പിക്കാനും എല്ലാവരുടെയും സഹകരണം മേയർ അഭ്യർത്ഥിച്ചു.
്വ്യാപാരികൾ, റസിഡൻസ് അസോസിയേഷനുകൾ, കോളജുകൾ, വിവിധ സംഘടനകൾ എന്നിവരുടെയെല്ലാം സഹകരണം കോർപറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ പ്ലാസ്റ്റിക് നിരോധനമെന്ന പദ്ധതി സാധ്യമാകൂവെന്ന് മേയർ ചൂണ്ടിക്കാട്ടി.
കോർപറേഷനിലെ എല്ലാ ഡിവിഷനുകളിലും പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാനും ബോധവത്കരണം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.