പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: സുരക്ഷിതത്വവും ശമ്പളവുമില്ലാതെ കൊറോണ വൈറസിനോട് പൊരുതുകയാണ് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ഒരു വിഭാഗം ജീവനക്കാർ. കരാർ ജീവനക്കാരായ 175 പേരാണ് ഈ ദുരിതകാലത്തും ശമ്പളം കിട്ടാതെ കഠിന പ്രയത്നം ചെയ്യുന്നത്. ആരോഗ്യ വകുപ്പ് ജീവനക്കാർ എട്ട് മണിക്കൂർ ജോലി ചെയ്യുമ്പോൾ കരാർ ജീവനക്കാർ പത്ത് മണിക്കൂറാണ് ജോലി ചെയ്യേണ്ടത്.
കഴിഞ്ഞ 31-ന് മുമ്പ് ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കരാർ ജീവനക്കാരുടെ തുച്ഛമായ ശമ്പളം ഇതുവരെ കൊടുത്തിട്ടില്ല. ആരുടെ കൈയ്യിലും പണമില്ലാത്ത ഇക്കാലത്ത് വളരെ ബുദ്ധിമുട്ടിയും ദുരിതം അനുഭവിച്ചുമാണ് ഇവർ ജോലിയ്ക്കെത്തുന്നത്.
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്, യാതൊരു സുരക്ഷിതത്വവുമില്ലാതെ ജോലി ചെയ്യുന്ന ഇവർ നിമിത്തമാകുമോ എന്ന ആശങ്ക വലുതാണ്. കോവിഡ്- 19 രോഗികളെ ചികിത്സിക്കുന്ന ഐസ്വലേഷൻ വാർഡിൽ പോലും ജോലി ചെയ്യുന്ന ഇവർക്ക് രോഗം പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പത്ത് മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞ് ഏതെങ്കിലും വാഹനത്തിലാണ് ഇവർ വീട്ടിലേയ്ക്ക് പോകുന്നത്. പിന്നീട് കുടുംബാംഗങ്ങളുമായി ഇടപഴകിയ ശേഷം വീണ്ടും ഡ്യൂട്ടിയിലേക്ക്. ഐസ്വലേഷൻ വാർഡിൽ പോലും ഡ്യൂട്ടി ചെയ്യുന്ന ഇവർക്ക് മതിയായ സംരക്ഷണം ഇല്ലെന്ന് മാത്രമല്ല, സമൂഹ വ്യാപനത്തിനുള്ള അവസരം സൃഷ്ടിക്കുന്നുവെന്ന ഗുരുതരമായ പ്രശ്നവുമുണ്ട്.
പത്ത് ഡ്യൂട്ടി ചെയ്ത ശേഷം 14 ദിവസം ഗൃഹ നിരീക്ഷണത്തിൽ കഴിയാനാണ് ഇവർക്ക് ആശുപത്രിഅധികൃതർ നല്കിയിരിക്കുന്ന നിർദേശം. കോവിഡ്- 19 രോഗികളോടും നിരീക്ഷണത്തിൽ കഴിയുന്നവരോടും ഇടപെടുന്ന ജീവനക്കാരെ ആശുപത്രിയിൽ നിന്നും പുറത്തു പോകാൻ അനുവദിക്കാൻ പാടില്ലാത്തതാണ്.
ഇവർക്ക് ഒരു ടേം ഡ്യൂട്ടി കഴിയുന്നത് വരെ ആശുപത്രിയിൽ തന്നെ താമസിപ്പിക്കുകയും ഭക്ഷണമുൾപ്പെടെയുള്ളസൗകര്യങ്ങൾ ഒരുക്കി നല്കേണ്ടതുമാണെന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ അഭിപ്രായപ്പെട്ടു.
കൊറോണ വൈറസ് ബാധയേറ്റാൽ തന്നെ ദിവസങ്ങൾ കഴിഞ്ഞേ രോഗലക്ഷണം പ്രകടമാവുകയുള്ളൂ. ഈ കാലയളവിൽ ഇവർ കുടുംബാംഗങ്ങൾ ഉൾപ്പെടെ പലരുമായി ബന്ധപ്പെടുകയും വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ വ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.
ഇവർക്ക് ആവശ്യമായ താമസ സൗകര്യം ഉൾപ്പെടെ ചെയ്തു കൊടുക്കേണ്ടത് ആശുപത്രി അധികൃതരാണ്. ആശുപത്രി അധികൃതരുമായി പലതവണ ഫോണിൽബന്ധപ്പെടാൻ ദീപിക ശ്രമിച്ചെങ്കിലും അധികൃതർ സംസാരിക്കാൻ തയാറായില്ല.
ഐസലേഷൻ വാർഡിൽ ജോലി ചെയ്യുന്ന നേഴ് സിംഗ് അസിസ്റ്റന്റ് മാർ, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ്, ഒപി, കാഷ് കൗണ്ടർ, ഓപ്പറേഷൻ തീയേറ്റർ തുടങ്ങി ആശുപത്രിയിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന കരാർ തൊഴിലാളികൾക്കാണ് ശമ്പളം മുടങ്ങിയത്. മുമ്പും ഇത് പോലെ ശമ്പളം മുടക്കിയിട്ടുണ്ട്. മാസങ്ങൾ കഴിഞ്ഞാണ് പിന്നീട് ശമ്പളം നൽകിയിട്ടുള്ളത്.