പേരാമ്പ്ര: മാവോയിസ്റ്റു ഭീഷണിയടക്കം വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതിക്കും ടൂറിസ്റ്റു കേന്ദ്രത്തിനും രാപകൽ കാവൽ നിൽക്കുന്ന ആറ്സുരക്ഷാ ഉദ്യോഗസ്ഥർക്കു അഞ്ചു മാസമായി ശമ്പളമില്ല.
വകുപ്പുദ്യോഗസ്ഥരുടെയും സർക്കാരിന്റെയും പിടിപ്പുകേടും അലംഭാവവും നിമിത്തമാണ് വിമുക്ത ഭടൻമാർ പട്ടിണി കിടക്കേണ്ടി വരുന്നത്. ജലസേചന പദ്ധതിയിൽ കനാലുകൾ വൃത്തിയാക്കുന്നതുൾപ്പടെയുള്ള ജോലികൾ ചെയ്യുന്ന ഇരുപതോളം സിഎൽആർ തൊഴിലാളികൾക്കും ഇവരോടൊപ്പം ശമ്പളം കിട്ടാത്ത ദുരവസ്ഥയുണ്ട്.
അക്കൗണ്ടിൽ പണമില്ല എന്ന കാരണമാണു അന്വേഷിക്കുമ്പോൾ മേലുദ്യോഗസ്ഥർ പറഞ്ഞിരുന്നത്. കൂടുതൽ അന്വേഷിച്ചപ്പോൾ ഇവരുടെ ശമ്പള കാര്യങ്ങളുടെ ഹെഡ് ഓഫ് അക്കൗണ്ടൂ തന്നെ സർക്കാർ രേഖയിൽ നിന്നു അപ്രത്യക്ഷമായ വിവരമാണു ലഭിച്ചത്.
ജലസേചന പദ്ധതിയിലെ സ്ഥിര ജീവനക്കാർക്കു കൃത്യമായി ശമ്പളം ലഭിക്കുമ്പോൾ പാവപ്പെട്ട സെക്യൂരിറ്റിക്കാരും താത്കാലിക തൊഴിലാളികളും ദുരിതമനുഭവിക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സെക്രട്ടറിയേറ്റിലെ വിവിധ വിഭാഗം ഓഫീസുകളിലെ ഫയലിൽ ഉറങ്ങുകയാണ്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണനെ പ്രശ്നങ്ങൾ ധരിപ്പിച്ചെങ്കിലും പരിഹാരമാകുന്നില്ല.