സ്വന്തം ലേഖകൻ
തൃശൂർ: നീണ്ട ഇടവേളയ്ക്കു ശേഷം തുറന്ന കേരളത്തിലെ പല തീയറ്ററുകളും വീണ്ടും അടച്ചിടുന്നു. വിജയ് അഭിനയിച്ച മാസ്റ്റർ എന്ന തമിഴ് ചിത്രത്തോടെയാണ് കേരളത്തിലെ പല തീയറ്ററുകളും ലോക്ഡൗണിനു ശേഷം കർശന നിയന്ത്രണങ്ങളോടെ തുറന്നത്.
മാസ്റ്റർ റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്ന തിരക്ക് തുടർന്നുള്ള ദിവസങ്ങളിൽ കുറഞ്ഞു. തീയറ്ററുകളുടെ പകുതി സീറ്റുകളിൽ മാത്രമേ പ്രേക്ഷകരെ അനുവദിച്ചിരുന്നുള്ളു.
അതിനിടെ മാസ്റ്റർ ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ഇതോടെ തീയറ്ററുകളിലേക്കുള്ള ആളുകളുടെ എണ്ണം വീണ്ടും കുറഞ്ഞു.
തീയറ്ററുകൾ തുറന്നതിന് ശേഷം ആദ്യമെത്തിയ മലയാള ചിത്രം വെള്ളം മികച്ച സിനിമയായിരുന്നുവെങ്കിലും വൻ തിരക്ക് തീയറ്ററുകളിൽ അനുഭവപ്പെട്ടില്ല.
ഇന്ത്യയ്ക്കു പുറത്ത് വെള്ളം ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തപ്പോൾ അതിന്റെ പൈറേറ്റഡ് വേർഷൻ ഇന്ത്യയിലുമെത്തി. ഇതോടെ വെള്ളവും ഇന്ത്യയിലെ ഓണ്‍ലൈൻ സൈറ്റുകളിൽ ലഭ്യമായി.
പുതിയ ചിത്രങ്ങൾ തീയറ്റർ റിലീസിനൊപ്പം ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ കൂടി ലഭ്യമാകുന്നത് തീയറ്ററിലേക്ക് ആളുകൾ വരാതിരിക്കാൻ കാരണമാകുന്നതായി തീയറ്റർ ഉടമകൾ പറയുന്നു.
പകുതി സീറ്റിലെ പ്രേക്ഷകരെയും വെച്ച് തീയറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് വൻ നഷ്ടമാണെന്നും ലോക്ഡൗണ്‍ കാലത്ത് അടഞ്ഞു കിടന്നതിനേക്കാൾ നഷ്ടമാണ് ഇപ്പോൾ തീയറ്ററുകൾ തുറന്നപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ചില ഉടമകൾ ചൂണ്ടിക്കാട്ടി.
മാസ്റ്ററും വെള്ളവും റിലീസ് ചെയ്തതിന് പിന്നാലെ ഏതാനും ചില ചിത്രങ്ങൾ കൂടി തീയറ്ററിലെത്തിയിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന പ്രേക്ഷകർ മാത്രമേ തീയറ്ററിലേക്ക് വരുന്നുള്ളു.
പല തീയറ്ററുകളും വീണ്ടും അടച്ചിരിക്കുകയാണ്. പുതിയ മലയാള ചിത്രങ്ങൾ തുടർച്ചയായി എത്തിയാൽ മാത്രമേ തീയറ്ററുകൾ അടയ്ക്കാതിരിക്കാൻ പറ്റുള്ളു.സെക്കന്റ് ഷോ കൂടി അനുവദിച്ചാലേ കൂടുതൽ പ്രേക്ഷകർ എത്തുകയുള്ളുവെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.