സ്വന്തം ലേഖകൻ
തൃശൂർ: പൊതു സ്ഥലത്ത് പുകവലിച്ചതിന് ഈ വർഷം ഒക്ടോബർ അവസാനം വരെ സംസ്ഥാനത്ത് പിടിയിലായത് 73,392 പേർ. ഇവരിൽ നിന്നും പിഴയായി ഈടാക്കിയത് ഒന്നരക്കോടിയോളം രൂപ!! കഴിഞ്ഞ വർഷം പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന നിയമം ലംഘിച്ചതിന് 1,10,028 പേരെയാണ് പിടികൂടിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറുമീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വിറ്റതിന് ഈ വർഷം 2,635 പേരാണ് പിടിയിലായത്. കഴിഞ്ഞ വർഷം 3,513 പേരെയാണ് പിടികൂടിയത്.കേരളത്തിൽ ഈ വർഷം ഒക്ടോബർ വരെ 76,470 കോട്പ നിയമലംഘനങ്ങൾ റിപ്പോർട്ടു ചെയ്തു.
പൊതുസ്ഥലത്ത് പുകവലിച്ചതിന് പിടിയിലായവരിൽ നിന്നും ഈ വർഷം ഒക്ടോബർ അവസാനം വരെ പിഴയായി ഈടാക്കിയത് 1,45,29,600 രൂപയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ നൽകിയതിന് പിടിയിലായ 394 പേരിൽ നിന്ന് 5,54,500 രൂപ പിഴയീടാക്കി.
വിദ്യാലയങ്ങൾക്ക് സമീപം പുകയില ഉത്പന്നങ്ങൾ വിറ്റ 2635 പേരിൽ നിന്ന് 2,79,150 രൂപയും പിഴയീടാക്കി.
മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കോട്പ നിയമലംഘനങ്ങളിൽ നേരിയ കുറവു കാണുന്നുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കു കൂടി പുറത്തുവരുന്പോഴേ ചിത്രം വ്യക്തമാകൂ.