റോബിൻ ജോർജ്
കൊച്ചി: ഒഴിവുകളിൽ യഥാസമയം നിയമനം നടത്താത്തതിനെത്തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിൽ പരാതികൾ കുന്നുകൂടുന്നു. കഴിഞ്ഞ ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ 789 പരാതികളിലും 2103 അപ്പീലുകളിലും തീർപ്പു കല്പിക്കാനുണ്ട്.
വിവിധ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളിലെയും സ്ഥിതി വിഭിന്നമല്ല. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ കെട്ടിക്കിടക്കുന്നത്. 2836 പരാതികളാണ് ഇവിടെ തീർപ്പാക്കാനുള്ളത്. തിരുവനന്തപുരം, എറണാകുളം ജില്ലകളാണു തൊട്ടുപിന്നിൽ. തിരുവനന്തപുരത്ത് 1558 പരാതികളിലും എറണാകുളത്ത് 1552 പരാതികളിലും തീർപ്പ് കല്പിക്കാനുണ്ട്.
കൊല്ലം ജില്ലയിൽ 614 പരാതികളും പത്തനംതിട്ടയിൽ 207, ആലപ്പുഴയിൽ 461, കോട്ടയത്ത് 552 പരാതികൾ വീതവും കെട്ടിക്കിടക്കുന്നു. ഇടുക്കിയിൽ 362, പാലക്കാട് 314 മലപ്പുറത്ത് 474, കോഴിക്കോട് 981, വയനാട് 354, കണ്ണൂരിൽ 878, കാസർഗോഡ് 606 പരാതികളിലും തീർപ്പു കല്‍പിക്കാനുണ്ടെന്നും എറണാകുളം ഡിസ്ട്രിക്ട് കണ്‍സ്യൂമേഴ്സ് പ്രൊട്ടക്ഷൻ കൗണ്‍സിൽ ജനറൽ സെക്രട്ടറി റോയി തരകന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ അധികൃതർ വ്യക്തമാക്കുന്നു.
ഒട്ടുമിക്ക ജില്ലാ ഉപഭോക്തൃ ഫോറങ്ങളിലും ഒഴിവുകളിൽ യഥാസമയം പ്രസിഡന്റുമാരെയും അംഗങ്ങളെയും നിയമിക്കാത്തതാണു പരാതികൾ കെട്ടിക്കിടക്കാൻ കാരണമെന്നാണു വിലയിരുത്തൽ. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ഒരംഗത്തിന്റെയും പത്തനംതിട്ട, ആലപ്പുഴ ജില്ലാ ഫോറങ്ങളിൽ പ്രസിഡന്റുമാരുടെയും വിവിധ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിൽ ഒന്നും രണ്ടും വീതം അംഗങ്ങളുടെയും കുറവാണുള്ളത്.
ഇതിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒന്നുവീതം അംഗങ്ങളെ നിയമിച്ചതായും മറ്റ് ഒഴിവുകളിൽ നിയമനം നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായുമാണ് അധികൃതർ വ്യക്തമാക്കുന്നത്.