ഹരിപ്പാട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ റവന്യൂ ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്ന് ആക്ഷേപം.
അതിഥി തൊഴിലാളികളുടെ കണക്കെടുപ്പു മുതൽ അവരെ ട്രെയിനിൽ കയറ്റി യാത്രയാക്കുന്നതു വരെയുള്ള പ്രവർത്തനങ്ങളും വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റവന്യൂ ജീവനക്കാർക്ക് സർക്കാർ രോഗപ്രതിരോധത്തിന് ആവശ്യമായ യാതൊരു സുരക്ഷാ ക്രമീകരണളും ഏർപ്പെടുത്തിയിട്ടില്ല.
അന്യ സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും എത്തുന്നവരെ സ്വീകരിച്ച് ക്വാറന്റൈൻ ചെയ്യാനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുമ്പോൾ സൗജന്യമായി ലഭിച്ച മാസ്ക് മാത്രം ധരിച്ച് ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ് റവന്യൂ ജീവനക്കാർ.
കഴിഞ്ഞ ദിവസങ്ങളിൽ കാർത്തികപ്പള്ളി തഹസീൽദാർ ഡി.സി. ദിലീപ് കുമാറിന്റെെ നേതൃത്വത്തിൽ ക്വാറന്റൈൻ ചെയ്ത നാലു പേർക്ക് കോവിഡ് 19 പോസിറ്റീവായ സാഹചര്യത്തിൽ ആശങ്കയിലാണ് താലൂക്ക് ഒാഫീസിലെ ജീവനക്കാർ.
ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പിപിഇ കിറ്റുകൾക്ക് 3000 ൂപക്ക് മുകളിലാണ് വില എന്നിരിക്കെ സ്വന്തം നിലക്ക് പിപിഇ കിറ്റ് വാങ്ങി സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നത് പ്രായോഗികമല്ല.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടവും സർക്കാരും തയ്യാറായാൽ മാത്രമേ ആത്മവിശ്വാസത്തോടും സുരക്ഷിതമായും ജോലി ചെയ്യാൻ സാധിക്കൂവെന്ന് റവന്യൂ ഉദ്യോഗസ്ഥര് പറയുന്നു.