കൊല്ലം: ജനങ്ങള്‍ക്ക് നികുതിഭാരം ഒഴിവാക്കിയുള്ള വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. ഉമയനല്ലൂര്‍-കല്ലുവെട്ടാംകുഴി-താഹമുക്ക്-കരിക്കോട്-കേരളപുരം റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആവശ്യമറിഞ്ഞു പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് ഇന്ധന വില വര്‍ധനയുടെ ഭാരം സര്‍ക്കാര്‍ ഏറ്റെടുത്തത്.
ജില്ലയില്‍ 5000 കോടി രൂപയുടെ വികസനമാണ് പൊതുമരാമത്ത് മേഖലയില്‍ നടപ്പിലാക്കുന്നത്. കടല്‍ക്ഷോഭം തടയാന്‍ നിര്‍മിക്കുന്ന പുലിമുട്ടുകള്‍ക്ക് മാത്രമായി 200 കോടി രൂപയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ റോഡുകളും നിലവാരം ഉറപ്പാക്കിയാണ് നിര്‍മിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷയായ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കിഫ്ബി റോഡുകളുടെ പൂര്‍ത്തീകരണം അതിവേഗം നടപ്പിലാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം. നൗഷാദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെ. സുലോചന, എസ്. നാസറുദീന്‍, സുജാത മോഹന്‍, വിനിത കുമാരി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അയത്തില്‍-പള്ളിമുക്ക് റോഡിന്റെ നവീകരണോദ്ഘാടനവും മന്ത്രി ജി. സുധാകരൻ നിര്‍വഹിച്ചു.
വാഹനപെരുപ്പം അടക്കം കാല് നൂറ്റാണ്ടിനപ്പുറം വരാവുന്ന മാറ്റം മുന്നില്‍ കണ്ടുകൊണ്ട് ഈടുറ്റ റോഡുകളാണ് സംസ്ഥാനത്ത് നിര്‍മ്മിക്കുന്നതെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. കിലോമീറ്ററിന് രണ്ടു കോടി രൂപയാണ് ആധുനിക രീതിയിലുള്ള നിര്‍മാണത്തിന് ചെലവിടുന്നത്. അനുയോജ്യമായ സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റും ടൈലും ഉപയോഗിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ റോഡുകളും ഉന്നത നിലവാരത്തിലെത്തും-മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എല്‍.എ, മേയര്‍ വി. രാജേന്ദ്രബാബു, കൗണ്‍സിലര്‍മാരായ എന്‍. സഹൃദയന്, എസ്. സതീഷ്, എസ്.ആര്. ബിന്ദു, എസ്. സരിത, സെലീന, രാഷ്ട്രീയ നേതാക്കള്‍, വി.വി. ബിനു, ജി. വിശ്വപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.